“സീറ്റിനടിയിൽ തള്ളിയിട്ട് മുഖം അമർത്തി മർദ്ദിച്ചു!” ജോൺ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത് വഴിയിൽ ഇറക്കിവിട്ട് ഡൽഹി പൊലീസ്; ഗുരുതര ആരോപണം

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സി.പി.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടു. കസ്റ്റഡിയിലെടുത്ത സമയത്ത് പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. നാല് പൊലീസുകാരാണ് അതിക്രമത്തിന് പിന്നിലെന്നും, സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമർത്തി മർദ്ദിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താൻ എം.പിയാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും പൊലീസ് വകവെച്ചില്ലെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
മാധ്യമപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജോൺ ബ്രിട്ടാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മർദ്ദനത്തെ തുടർന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തനിക്ക് മർദ്ദനമേൽക്കുന്നത് ഡി.സി.പി അറിഞ്ഞിരുന്നെന്നും, ഡി.സി.പിയുടെ നിർദ്ദേശപ്രകാരമാണ് തന്നെ വഴിയിൽ ഇറക്കിവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഒരു ഓട്ടോ പിടിച്ചാണ് അദ്ദേഹം തിരികെ എത്തിയത്. “ഒരു രാജ്യസഭാ എം.പിയുടെ അവസ്ഥ ഇതാണെങ്കിൽ, സാധാരണക്കാരായ മറ്റു സമരക്കാരുടെ സ്ഥിതി എന്തായിരിക്കും” എന്ന് അദ്ദേഹം ചോദിച്ചു. ബസിലുണ്ടായിരുന്ന മറ്റു പലരും ക്രൂരമായ മർദ്ദനത്തിനിരയായിട്ടുണ്ടെന്നും, ഒരു ജാർഖണ്ഡ് സ്വദേശിയായ യുവാവാണ് തനിക്ക് രക്ഷയായതെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
സംഭവസ്ഥലത്ത് മറ്റൊരു രാജ്യസഭാ എം.പിയായ എ.എ. റഹീമും എത്തിയിരുന്നു. എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന വിവരം അറിഞ്ഞാണ് തങ്ങൾ എത്തിയത്. എസ്.എഫ്.ഐ നേതാക്കളെയും ഡൽഹി പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ദേശീയ പ്രസിഡന്റ് ആദർശ് എം. സജിയും വ്യക്തമാക്കി. ലക്ഷ്യം കാണുംവരെ സമരം ശക്തമായി തുടരുമെന്നും നേതാക്കൾ അറിയിച്ചു.



