കായികമേഖലയിലെ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കാൻ സർക്കാർ; സ്പോർട്സ് കൗൺസിലിന് പകരം പുതിയ അതോറിറ്റി

തിരുവനന്തപുരം: കായികമേഖലയിലെ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കുന്നതിനും നിയമനങ്ങളിലെ അഴിമതി തടയുന്നതിനുമായി പുതിയ നിയമനിർമാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. നിലവിലെ സ്പോർട്സ് കൗൺസിലിന് പകരം കായിക മന്ത്രി അധ്യക്ഷനായ സ്പോർട്സ് അതോറിറ്റി ഓഫ് കേരള രൂപീകരിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച കായിക ബിൽ നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.

പുതിയ അതോറിറ്റിയിൽ പ്രഗത്ഭരായ കായികതാരങ്ങൾക്കും അംഗത്വം നൽകും. ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം സർക്കാർ നാമനിർദേശം ചെയ്യുന്ന പ്രതിനിധികളായിരിക്കും അതോറിറ്റിയെ നയിക്കുക. കായികരംഗത്തെ നയരൂപീകരണത്തിനായി പ്രമുഖ കായികതാരങ്ങൾ ഉൾപ്പെട്ട പ്രത്യേക സമിതിയും രൂപീകരിക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ജില്ലാ തലത്തിലുള്ള സ്പോർട്സ് കൗൺസിലുകളും ഇല്ലാതാകും.

സ്പോർട്സ് ക്വാട്ടയിലെ ക്രമക്കേടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും നിയമനങ്ങളിലെ അഴിമതി തടയുന്നതിനുമുള്ള പ്രത്യേക വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് അഞ്ച് ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ടെന്നാണ് വിവരം.

അതേസമയം, സ്പോർട്സ് ക്വാട്ട വഴിയുള്ള സർക്കാർ നിയമനങ്ങളിൽ കൂടുതൽ കായികപ്രതിഭകൾക്ക് അവസരം ലഭ്യമാക്കുന്നതിനായി യോഗ്യതാ മാനദണ്ഡങ്ങളിലും മന്ത്രിസഭ ഭേദഗതി വരുത്തിയിട്ടുണ്ട്. കായികമികവും യോഗ്യതാ സർട്ടിഫിക്കറ്റുകളും അടിസ്ഥാനമാക്കിയാകും ഇനി നിയമനങ്ങൾ നടത്തുക.

കായികമേഖലയുടെ ഭരണസംവിധാനം പരിഷ്കരിക്കുന്നതിലൂടെയും നിയമനങ്ങളിലെ സുതാര്യത ഉറപ്പാക്കുന്നതിലൂടെയും സംസ്ഥാനത്തെ കായികരംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button