മാസപ്പടി കേസിൽ പിണറായിക്കും റിയാസിനും കുരുക്ക് മുറുകുന്നു; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിന് എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിലപാടിന് അനുകൂലമായാണ് കോടതി ഉത്തരവെന്നാണ് വിലയിരുത്തൽ. പ്രാഥമിക അന്വേഷണം നടത്തിയശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മതിയെന്ന വിജിലൻസിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് പര്യാപ്തമായ തെളിവുകളും സാക്ഷിമൊഴികളും ഡയറിക്കുറിപ്പുകളും ഉണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്നായിരുന്നു ഇഡിയുടെ വാദം.
എന്നാൽ, സുപ്രീംകോടതി വിധികൾ ഉൾപ്പെടെയുള്ള നിയമവശങ്ങൾ ചൂണ്ടിക്കാട്ടി എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ഹൈക്കോടതി ഉത്തരവോടെ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ട സാഹചര്യമാണുള്ളത്.
അതേസമയം, കോടതി വിധിക്കെതിരെ സിപിഎം നേതാക്കൾ രംഗത്തെത്തി. വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.
കോടതി വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ചശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ പറഞ്ഞു. ബന്ധപ്പെട്ടവരുടെ ഭാഗം കേൾക്കാതെയാണ് വിധിയുണ്ടായതെന്നും ഇത് സാമാന്യനീതിയുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
എക്സാലോജിക് കേസിൽ ഇഡി വ്യാജരേഖകളും വ്യാജമൊഴികളും സൃഷ്ടിച്ചെന്ന ആരോപണവും ജയരാജൻ ഉന്നയിച്ചു. സിഎംആർഎൽ കമ്പനിയുടെ എംഡി, ചീഫ് ജനറൽ മാനേജർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്നിവരെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. ഇഡി ഡയറക്ടർക്ക് ഇവർ സത്യവാങ്മൂലത്തിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.
മുഹമ്മദ് റിയാസിന്റെ സുഹൃത്തായ വാരിസിനെതിരെയും സമ്മർദം ചെലുത്തിയെന്ന ആരോപണം ജയരാജൻ ഉന്നയിച്ചു. മകളെ ഹവാല കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വാരിസ് ഒപ്പിട്ടുനൽകിയതെന്നും ഇഡി റീജണൽ ഡയറക്ടർക്ക് വാരിസ് സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ ആരോപണങ്ങൾ കോടതി മുമ്പാകെ എത്തിക്കേണ്ടതുണ്ടെന്നും ജയരാജൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ തുടർനടപടികളും കേസിലെ അന്വേഷണവും ഇനി നിർണായകമാകും.



