തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ചനിലയിൽ. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയും കിളിമാനൂർ തട്ടത്തുമല സ്വദേശിയുമായ ആഷിക്കാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് ആഷിക് വീട്ടിൽ നിന്ന് കാറുമായി പുറത്തേക്ക് പോകുന്നത്. എന്നാൽ രാത്രിയായിട്ടും ആഷിക് വീട്ടിൽ തിരിച്ചെത്തിയില്ല.
പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കല്ലമ്പലത്തെ ദേശീയപാതയ്ക്ക് അടുത്തുള്ള ഇടറോഡിൽ നിന്ന് ആഷിക്കിന്റെ കാർ പൊലീസ് കണ്ടെത്തി. കാറിനുള്ളിൽ അബോധാവസ്ഥയിലായിരുന്ന ആഷികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.



