സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് ഇ.ഡിയുടെ വ്യാപക പരിശോധന; മൂന്ന് ജില്ലകളിൽ ഒരേസമയം റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലായി ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വീടുകളിലുമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) രജിസ്റ്റർ ചെയ്ത കേസുകളുടെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
തൃശൂരിൽ അഞ്ചിടങ്ങളിലാണ് ഇ.ഡി സംഘം പരിശോധന നടത്തുന്നത്. എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നാല് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. വ്യാജ വായ്പകൾ അനുവദിച്ചതിലൂടെ അങ്കമാലി അർബൻ ബാങ്കിൽ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് മുൻ ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വീടുകളിലേക്കും പരിശോധന വ്യാപിപ്പിച്ചത്.
അങ്കമാലി അർബൻ സഹകരണ ബാങ്കിലെ മുൻ ജീവനക്കാരനും അക്കൗണ്ടന്റുമായ ഷിജുവിന്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്. വ്യാജ വായ്പകൾ അനുവദിക്കുന്നതിൽ ഷിജുവിന് പങ്കുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.
തൃശൂരിൽ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് ശാഖകളിലും പരിശോധന നടക്കുന്നുണ്ട്. ബാങ്കിന്റെ മുൻ പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ വീടുകളിലും ഇ.ഡി സംഘം പരിശോധന നടത്തുന്നതായാണ് വിവരം.
രാവിലെ ആറരയോടെയാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചത്. പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും കേസുമായി ബന്ധപ്പെട്ട തുടർ നടപടികളിലേക്ക് ഇ.ഡി കടക്കുക



