തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് തിരിച്ചടി? ആർ. ശ്രീലേഖ രാജിവച്ചു; ഭരണപ്രതിസന്ധി

തിരുവനന്തപുരം: വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ രാജിക്കത്ത് നൽകിയതായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. സെപ്റ്റംബർ 30നാണ് മേയർക്ക് രാജിക്കത്ത് നൽകിയതെന്നും വിഷയം പരിഹരിക്കാനുള്ള മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്നും മേയർ വ്യക്തമാക്കി.

രാജിക്കത്ത് സെക്രട്ടറിക്കാണ് നൽകേണ്ടതെന്നും ജില്ലാ കളക്ടർക്കും ഉടൻ വിവരം കൈമാറുമെന്നും മേയർ പറഞ്ഞു. പാർട്ടിയിൽ ആർക്കും ഒരു പദവിയും വാഗ്ദാനം ചെയ്യാനാകില്ലെന്നും ഓരോ പ്രവർത്തകന്റെയും കഴിവ് വിലയിരുത്തിയാണ് സ്ഥാനങ്ങൾ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നയാളല്ല ശ്രീലേഖയെന്നും വ്യക്തിപരമായ അസൗകര്യങ്ങളാണ് രാജിക്ക് കാരണമെന്നുമാണ് മേയറുടെ വിശദീകരണം. അതേസമയം, ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സ്വകാര്യ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം.

ശ്രീലേഖ രാജിവച്ചതോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ ഭൂരിപക്ഷ നിലയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. നിലവിലെ കണക്കനുസരിച്ച് ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങി. കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതൻ ഇപ്പോഴും ജയിലിലാണ്.

ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. ഇതിനിടെയാണ് ശ്രീലേഖയുടെ രാജി. ഇതോടെ തിരുവനന്തപുരം കോർപറേഷനിലെ ഭരണസമവാക്യങ്ങൾ വീണ്ടും ചർച്ചയാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button