പഹൽഗാം ഭീകരാക്രമണം: മുഖ്യസൂത്രധാരനും കൊല്ലപ്പെട്ടു; ഇന്ത്യൻ സൈന്യത്തിന്റെ നിർണായക നീക്കം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ലഷ്‌കർ-ഇ-തയ്‌ബ കൊടുംഭീകരനായ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെയാണ് ജമ്മു കാശ്‌മീരിലെ ഏറ്റുമുട്ടലിനിടെ സുരക്ഷാസേന വധിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് യോഷ്‌മാർഗ് മേഖലയിലെ പാൽമൈദാൻ പ്രദേശത്ത് ‘ഓപ്പറേഷൻ കോറാഗ്’ എന്ന പേരിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ഇതിനിടെ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് മൂസയുടെ മരണം സ്ഥിരീകരിച്ചത്. പ്രദേശത്ത് സുരക്ഷാസേനയുടെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. കൂടുതൽ ഭീകരർ ഇവിടെ ഒളിച്ചിരിക്കുന്നുണ്ടോയെന്നും ആയുധങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിച്ചിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനായാണ് പരിശോധന.
പഹൽഗാമിൽ നാല് ഭീകരരാണ് ആക്രമണം നടത്തിയത്. അതിൽ രണ്ട് ഭീകരരെ ഓപ്പറേഷൻ മഹാവേദിയിലൂടെ സുരക്ഷാസേന വധിച്ചിരുന്നു. പിന്നീട് ബദ്‌കാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാളെക്കൂടി വധിച്ചിരുന്നു. ഇന്നലെ ഹാഷിം മൂസയെക്കൂടി വധിച്ചതോടെ പഹൽഗാമിൽ ആക്രമണം നടത്തിൽ മുഴുവൻ ഭീകരരെയും ഇല്ലാതാക്കിയിരിക്കുകയാണ് സുരക്ഷാസേന



