ഇന്ത്യ–വിൻഡീസ് പോരാട്ടം ഇന്ന്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിങ്ങിന് വിപുലമായ സൗകര്യം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാര്‍ക്കിങ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാവിലെ 8 മണി മുതല്‍ സ്റ്റേഡിയം പരിസരത്ത് കര്‍ശന പരിശോധനയുണ്ടാകും. ടിക്കറ്റുള്ള കാണികളെ മാത്രമേ ഈ സമയത്തിന് ശേഷം കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ.
മത്സരം കാണാനെത്തുന്നവര്‍ക്കായി വിവിധ ഇടങ്ങളിലായി വിപുലമായ പാര്‍ക്കിങ് സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കാണികള്‍ക്കായി കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്,കാര്യവട്ടം ഗവണ്മെന്റ് കോളേജ്, ബി.എഡ് സെന്റര്‍ കാര്യവട്ടം, എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ട്, അല്‍സാജ് കണ്വെന്ഷന് സെന്ററിലെ പാര്‍ക്കിങ് ഗ്രൗണ്ട്, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവടങ്ങളിലാണ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഐപികള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഹൈവേ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറകിലുള്ള സ്റ്റേഡിയം പാര്‍ക്കിങ് ഗ്രൗണ്ടിലും വിവിഐപികള്‍ക്ക് ക്ലബ് ഹൗസിന് സമീപവുമാണ് പാര്‍ക്കിങ് ഒരുക്കിയിരിക്കുന്നത്.
പാര്‍ക്കിങ് ഏരിയയില്‍ നിന്ന് സ്റ്റേഡിയത്തിലേക്കും തിരികെ മത്സര ശേഷം പാര്‍ക്കിങ് ഏരിയയിലേക്കും കെസിഎ പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. റോഡിലെ തിരക്ക് കുറയ്ക്കുന്നതിനായി കാറുകളില്‍ പരമാവധി ആളുകളെ ഉള്‍പ്പെടുത്തി യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കര്‍ശന ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെട്ടുറോഡ് വഴി തീരദേശ റോഡ് ഉപയോഗിക്കണം.
ശ്രീകാര്യം ഭാഗത്തുനിന്ന് വരുന്നവര്‍ ചാവടിമുക്ക്- കുളത്തൂര്‍ വഴിയാണ് യാത്ര ചെയ്യേണ്ടത്. കൂടാതെ, ചെങ്കോട്ടുകോണം- കാര്യവട്ടം റൂട്ടിലും ഗതാഗത നിയന്ത്രണമുണ്ടാകും. സ്റ്റേഡിയം പരിസരത്തെ തിരക്ക് ഒഴിവാക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ പരമാവധി ഒഴിവാക്കി കാണികള്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകളോ മറ്റ് പൊതുഗതാഗത സംവിധാനങ്ങളോ പ്രയോജനപ്പെടുത്തണം. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ അഭ്യര്‍ത്ഥിച്ചു.



