മേഘാലയയിൽ വൻ രാഷ്ട്രീയ നീക്കം; യു.ഡി.പിയുടെ 8 എംഎൽഎമാർ ബിജെപിയിൽ, നിയമസഭയിലെ കണക്കുകൾ മാറി

ഷില്ലോങ്: മേഘാലയയിൽ ഭരണകക്ഷി സഖ്യത്തിലെ പ്രധാന പങ്കാളിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയിൽ വൻ പിളർപ്പ്. പാർട്ടിയിലെ എട്ട് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. ഇതോടെ 60 അംഗ നിയമസഭയിൽ ബി.ജെ.പിയുടെ അംഗബലം രണ്ടിൽനിന്ന് പത്തായി ഉയർന്നു.
ലക്മെൻ റിംബൂയി, പിയൂസ് മാർവീൻ, കിർമെൻ ഷില്ല, മേയർബോൺ സിയേം, മാത്യു കുർബ, ഒല്ലൻ സിങ് സുയിൻ, ബാലജീദ് കുപാർ സിന്റെം, സിൻഷാർ കുപാർ റോയ് എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. എൻ.പി.പി.യുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയൻസ് സർക്കാരിൽ ബി.ജെ.പിയും യു.ഡി.പിയും പങ്കാളികളാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന വികസന മുന്നേറ്റങ്ങളിൽ ആകൃഷ്ടരായാണ് എം.എൽ.എമാർ ബി.ജെ.പിയിലെത്തിയതെന്ന് കിരൺ റിജിജു പറഞ്ഞു. ഖാസി ഭാഷ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങളോട് കേന്ദ്രനേതൃത്വം അനുകൂലമായി പ്രതികരിച്ചതിനാലാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ലക്മെൻ റിംബൂയി എം.എൽ.എ വ്യക്തമാക്കി.



