‘ധൂർത്ത്’ എന്ന് പറഞ്ഞ് എതിർത്തത് തന്നെ ഇനി തുടരുമോ? മാസം 80 ലക്ഷത്തിന്റെ ഹെലികോപ്റ്റർ കരാർ യു.ഡി.എഫ് പുതുക്കുമോ?

കേരള പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ മൂന്നുവർഷത്തെ കരാർ കാലാവധി അവസാനിച്ച സാഹചര്യത്തിൽ, കരാർ രണ്ടുവർഷത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യവുമായി സംസ്ഥാന പോലീസ് മേധാവി സർക്കാരിന് ശുപാർശ നൽകി. മാവോയിസ്റ്റ് നിരീക്ഷണം, തീര-അതിർത്തി കാവൽ, വിഐപി യാത്രകൾ, അവയവദാന യാത്രകൾ, രക്ഷാപ്രവർത്തനം എന്നിവ മുൻനിർത്തി ചിപ്‌സൺ ഏവിയേഷനുമായാണ് കരാറുണ്ടാക്കിയിരുന്നത്. പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറക്കാമെന്ന വ്യവസ്ഥയിലുള്ള ഈ കരാർ പുതുക്കുന്നതിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

പ്രതിമാസ അടിസ്ഥാന വാടകയായ 80 ലക്ഷം രൂപയിൽ ജി.എസ്ടിയും മറ്റ് അനുബന്ധ ചെലവുകളും ഉൾപ്പെടുന്നുണ്ട്. മാസത്തിൽ 25 മണിക്കൂറിൽ കൂടുതലുള്ള ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികം നൽകണം. ഈ കണക്കനുസരിച്ച് ഒരു വർഷത്തെ അടിസ്ഥാന വാടക 9.60 കോടി രൂപയും മൂന്നുവർഷത്തേക്ക് 28.80 കോടി രൂപയുമാണ് വരുന്നത്. മാവോയിസ്റ്റ് നിരീക്ഷണത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ചിരുന്ന ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നുവെങ്കിലും, നിലവിൽ കേന്ദ്രഫണ്ട് 75 ശതമാനത്തോളം കുറഞ്ഞതിനാൽ കരാർ തുടരുകയാണെങ്കിൽ മുഴുവൻ തുകയും സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടി വരും.

ലഭ്യമായ 25 മണിക്കൂർ പറക്കൽ സമയത്തിൽ അഞ്ചുമണിക്കൂർ മാവോയിസ്റ്റ് നിരീക്ഷണത്തിനും അഞ്ചുമണിക്കൂർ തീര-അതിർത്തി നിരീക്ഷണത്തിനുമാണ് വിഭാവനം ചെയ്തിരുന്നത്. ബാക്കി 15 മണിക്കൂർ വിഐപി യാത്രകൾ, എയർ ആംബുലൻസ്, അവയവ കൈമാറ്റം, പ്രകൃതിദുരന്ത രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായി മാറ്റിവെച്ചിരിക്കുന്നു. ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ഈ യാത്രകൾക്കായി മാസത്തിൽ അനുവദിച്ച സമയം പൂർണ്ണമായി ഉപയോഗിച്ചില്ലെങ്കിലും നിശ്ചിത തുക നൽകണമെന്നതാണ് കരാറിലെ വ്യവസ്ഥ.

പുതിയ ടെൻഡർ വിളിച്ചാൽ നിലവിലെ നിരക്കിൽ ഹെലികോപ്റ്റർ ലഭിക്കാൻ സാധ്യത കുറവാണെന്നും, അതിനാൽ പഴയ നിരക്കിൽ തന്നെ കരാർ രണ്ടുവർഷം കൂടി നീട്ടുന്നത് സാമ്പത്തികമായി ഗുണകരമാണെന്നുമാണ് പൊലീസിന്റെ വാദം. എന്നാൽ ആവശ്യപ്പെടുന്ന സമയത്ത് മാത്രം മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ ഹെലികോപ്റ്റർ നൽകാമെന്ന പുതിയ നിർദേശവും ചിപ്‌സൺ ഏവിയേഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്. സർക്കാരും പൊലീസും പറയുന്നതനുസരിച്ച്, കരാർ അംഗീകരിച്ചാൽ അടുത്ത രണ്ടുവർഷത്തേക്ക് അടിസ്ഥാന വാടക മാത്രം 19.20 കോടി രൂപ വരും.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങിയ ഈ വാടക ഹെലികോപ്റ്റർ സംവിധാനം വലിയ സാമ്പത്തിക ധൂർത്താണെന്ന് ചൂണ്ടിക്കാട്ടി അന്ന് പ്രതിപക്ഷത്തിരുന്ന യു.ഡി.എഫ് ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ നിലവിൽ കാലാവധി കഴിഞ്ഞ ചിപ്‌സൺ കരാർ അതേ നിരക്കിൽ രണ്ടുവർഷം കൂടി നീട്ടണമെന്ന പൊലീസ് ശുപാർശയിൽ യു.ഡി.എഫ് സർക്കാർ എന്തു തീരുമാനമെടുക്കുമെന്നത് രാഷ്ട്രീയ തലത്തിലും വലിയ ചർച്ചയാകാൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button