ട്രാൻസ്ജെൻഡറെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതി; ‘ഹെലൻ ഓഫ് സ്പാർട്ട’ ധന്യ ഹർഷിത് അറസ്റ്റിൽ

തൃശൂർ: സാമൂഹമാദ്ധ്യമത്തിലൂടെ തൃശൂർ സ്വദേശിനിയായ ട്രാൻസ്‌ജെൻഡറെ അസഭ്യം വിളിക്കുകയും ലൈംഗികമായി അവഹേളിക്കുകയും ചെയ്ത കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിതിനെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് ബന്തിയാട് സ്വദേശിനിയാണ് പ്രതി. തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അറസ്റ്റിന് ശേഷം ധന്യയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
സമൂഹമാദ്ധ്യമത്തിലൂടെ പരസ്യമായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാരോപിച്ച് ഇരയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയിലായിരുന്നു തൃശൂർ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന്, തൃശൂർ നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് അസിസ്റ്റന്റ് കമ്മീഷണർ പി. ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാസർകോട്ടെത്തിയാണ് ധന്യയെ പിടികൂടിയത്.
പ്രതിയുടെ മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബിഎൻഎസ്, ഐടി ആക്ട്, കേരള പൊലീസ് ആക്ട്, ട്രാൻസ്‌ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂലായിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു



