ടോമിൻ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം, ആശുപത്രി ബ്ളോക്കിലേക്ക് മാറ്റി

തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനകേസിൽ ജയിൽശിക്ഷ ലഭിച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ നാല് വർഷം കഠിനതടവിന് വിധിച്ച് പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്.
ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചതിനെ തുടർന്ന് തച്ചങ്കരിയെ ജയിലിലെ ആശുപത്രി ബ്ളോക്കിലേക്ക് മാറ്റി. ഇന്ന് രാവിലെ ജയിൽ ഡോക്‌ടർ എത്തി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ഗുരുതര പ്രശ്‌നമില്ലെന്ന് കണ്ടാൽ ജയിലിലെ ആശുപത്രി ബ്‌ളോക്കിൽതന്നെ ചികിത്സ തുടരും.
ഇന്നലെ രാവിലെ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞപ്പോള്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തച്ചങ്കരി ബോധിപ്പിച്ചിരുന്നു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞതാണെന്നും രണ്ടു ദിവസം മുന്‍പ് നെഞ്ചുവേദനയുണ്ടായെന്നുമാണ് അദ്ദേഹം അറിയിച്ചിരുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്ക് നാലുവർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷയുമാണ് കോട്ടയം വിജിലൻസ് സ്പെഷ്യൽ ജഡ്ജി കെ.വി. രജനീഷ് വിധിച്ചത്.
പിഴത്തുകയടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവും അനുഭവിക്കണമെന്നും വിധിയുണ്ടായിരുന്നു.അഴിമതിക്കേസിൽ സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്ന, ഡി.ജി.പി പദവിയിലിരുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അറുപത്തിമൂന്നുകാരനായ തച്ചങ്കരി. ഐ.ജിയായിരിക്കേ 2003 ജനുവരി ഒന്നു മുതൽ 2007 ജൂലായ് 7 വരെ, വരവിനേക്കാൾ 135 ശതമാനം അധിക സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. ആലപ്പുഴ മിത്രകരി കരിവേലിത്തറയിൽ ബോബി കുരുവിള നൽകിയ പരാതിയാണ് കേസിനടിസ്ഥാനം.
2003 മുതൽ 2007വരെ ശമ്പളവും കൃഷിയിൽ നിന്നുമൊക്കെയായി 47.64 ലക്ഷം രൂപ വരുമാനമുണ്ടെന്നാണ് രേഖകൾ. എന്നാൽ വരുമാനം മറികടന്ന് 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്തുണ്ടെന്നും ഇക്കാലത്ത് മൊത്തം ചെലവാക്കിയത് 1.02 കോടി രൂപയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ഇതിൽ 30.84 ലക്ഷം രൂപ അനധികൃതമെന്നാണ് കോടതി കണ്ടെത്തിയത്.കേസിൽ തച്ചങ്കരിക്ക് വസ്തുവിറ്റ ഏഴു പേർ കൂറുമാറിയിരുന്നു. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസും മുൻ ഡി.ജി.പി എസ്.അനന്തകൃഷ്ണനും തച്ചങ്കരിക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകിയിരുന്നു.



