മുഹമ്മദ് റിയാസിന്റെ സുഹൃത്തിന്റെ ലോക്കറിലും ഇഡി പരിശോധന

കോഴിക്കോട്: മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തും ഐടി വ്യവസായിയുമായ ഷെബീഷിന്റെ ബാങ്ക് ലോക്കറിൽ പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോഴിക്കോട്ടെ ബാങ്കിന്റെ ലോക്കറിലാണ് പരിശോധന നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മരവിപ്പിച്ച ലോക്കറിലാണ് പരിശോധന നടത്തിയത്. ലോക്കറിൽ 50 പവൻ സ്വർണം കണ്ടെത്തിയിട്ടുണ്ട്.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് ഇഡി അറിയിച്ചിരുന്നു. ഹവാല ഇടപാടിൽ വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിന് മുഖ്യ പങ്കുണ്ടെന്നും ഡിജിപിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയാസിന്റെ സുഹൃത്തുക്കളുടെ ബാങ്ക് ലോക്കറിലും പരിശോധന നടത്തുന്നത്.
നേരത്തെ റിയാസിന്റെ അടുപ്പക്കാരനായ വാരിസ് നൽകിയതായി പറയപ്പെടുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. 1.2 കോടി രൂപ ദുബായിലുള്ള ഫൈജാസ് വി പിക്ക് അയച്ചുകൊടുത്തതായുള്ള വാരിസിന്റെ മൊഴിയാണ് പുറത്തുവന്നത്.എന്നാൽ ഇഡി ബോധപൂർവം വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു പ്രതികരണം.
പ്രധാനപ്പെട്ട തെളിവുകളെന്നാണ് ഇഡി പറയുന്നത്. അതിങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസംതന്നെ എന്തിനിത് തിരഞ്ഞെടുത്തു? ഇന്ന് സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി വളരെ വിജയകരമായി പൂർത്തീകരിച്ച് ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലി നടക്കുകയാണ്.നേരത്തെയും ഹവാലയിൽ എന്നെ ബന്ധിപ്പിക്കാനുള്ള ശ്രമം നടന്നുവെങ്കിലും അത് പൊളിഞ്ഞു.
ഇപ്പോൾ പുതിയ കഥ രംഗത്തിറക്കിയിരിക്കുകയാണ്. നിയോജക മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്കായാണ് ഞങ്ങൾ ബേപ്പൂർ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. ഈ ഗ്രൂപ്പ് ഹവാല ഇടപാടിനുള്ളതെന്നാണ് ഇഡി ചോർത്തിക്കൊടുത്ത വാർത്തകളിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു.



