യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; പ്രതിയായ മലയാളി യുവതി അനില ബേബിക്കെതിരെ രണ്ട് കൊലക്കുറ്റങ്ങൾ

ഒന്നര മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; ഒരാളെ കുത്തിക്കൊലപ്പെടുത്തിയെന്നും മറ്റൊരാളെ കാറിടിച്ച് കൊലപ്പെടുത്തിയെന്നും ആരോപണം
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഒരേ ദിവസം രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി യുവതി അനില ബേബി (32)ക്കെതിരെ രണ്ട് കൊലക്കുറ്റങ്ങൾ ചുമത്തി. ഓഗസ്റ്റ് 28ന് സാൻ ജോസിലും മിൽപിറ്റാസിലുമായി നടന്ന രണ്ട് കൊലപാതകങ്ങളിലാണ് അനിലക്കെതിരെ കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ 8നാണ് സാന്താക്ലാര കൗണ്ടി ജില്ലാ അറ്റോർണി ഓഫീസിൽ നിന്ന് രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തിയത്.
തൃശൂർ മണ്ണുത്തി സ്വദേശിനിഅഞ്ജന ഹരി (35)യും കോട്ടയം സ്വദേശിനി മേരി മാത്യു യുമാണ് കൊല്ലപ്പെട്ടത്. ഇരുവരും അനിലയുടെ സുഹൃത്തുക്കളായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ആദ്യം സാൻ ജോസിൽ കൊലപാതകം
ഓഗസ്റ്റ് 28ന് ഉച്ചയ്ക്ക് മുമ്പ് സാൻ ജോസിലെ ലിൻഡ വിസ്റ്റ സ്ട്രീറ്റിലുള്ള ആൻ മേരി മാത്യുവിന്റെ വീട്ടിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഇവരെ കണ്ടെത്തിയത്. വീട്ടിലെത്തിയ ഭർത്താവാണ് ആൻ മേരിയെ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ശരീരത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തുകയും സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
അന്വേഷണത്തിൽ ആൻ മേരിയും അനിലയും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന് പിന്നാലെ തന്നെ അനിലയെ അന്വേഷണസംഘം സംശയിക്കുകയും പിന്നീട് കേസിൽ പ്രതിയാക്കുകയും ചെയ്തു. കൊലപാതകത്തിന്റെ കൃത്യമായ കാരണമോ സാഹചര്യങ്ങളോ ഇപ്പോഴും അന്വേഷണത്തിലാണ്.
90 മിനിറ്റിന് ശേഷം അഞ്ജന ഹരി കൊല്ലപ്പെട്ടു
ഇതിന് ഏകദേശം ഒന്നര മണിക്കൂറിന് ശേഷം മിൽപിറ്റാസിലെ മിൽ ക്രീക്ക് അപ്പാർട്ട്മെന്റ്സ് പാർക്കിങ് സ്ഥലത്ത് അഞ്ജന ഹരിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ആരോപണം.
അഞ്ജനയും അനിലയും ഒരേ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്. അഞ്ജന വാഹനത്തിനടുത്തേക്ക് സ്വാഭാവികമായി നടന്നെത്തിയതിന് പിന്നാലെ വാഹനം പെട്ടെന്ന് വേഗം കൂട്ടി ഇടിക്കുകയായിരുന്നുവെന്നാണ് അന്വേഷണ രേഖകളിൽ പറയുന്നത്. വാഹനം മൂന്ന് മറ്റ് വാഹനങ്ങളിലും ഇടിച്ചതായും പൊലീസ് കണ്ടെത്തി.
തുടർന്ന് സംഭവസ്ഥലത്തുനിന്ന് പോയ നീല നിറത്തിലുള്ള എസ്യുവി സമീപത്തെ വാൾഗ്രീസ് പാർക്കിങ് സ്ഥലത്ത് കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്ന് തന്നെ അവരെ അറസ്റ്റ് ചെയ്തിരുന്നു.
രണ്ട് കൊലപാതകങ്ങളും തമ്മിൽ ബന്ധിപ്പിച്ചത് നിർണായകമായി
സാൻ ജോസിലെയും മിൽപിറ്റാസിലെയും സംഭവങ്ങൾ തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ് ഒരേ വ്യക്തിയിലേക്ക് അന്വേഷണം എത്തിയത്. തുടർന്ന് അനില ബേബിക്കെതിരെ രണ്ട് കൊലക്കുറ്റങ്ങൾ ചുമത്തുകയായിരുന്നു.
സംഭവങ്ങളുടെ പ്രേരണയും കൃത്യമായ സാഹചര്യങ്ങളും വ്യക്തമാകാൻ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സാൻ ജോസെ പൊലീസ് അറിയിച്ചു.
അനില ബേബി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ കുറ്റം തെളിഞ്ഞതായി ഇതുവരെ കരുതാനാകില്ല; കോടതിയിലെ തുടർനടപടികളിലൂടെയാണ് ആരോപണങ്ങളുടെ നിയമപരമായ അന്തിമനില വ്യക്തമാകുക.



