പി.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോൺഗ്രസ് പദവികൾ രാജിവെച്ച് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

പേഴ്‌സണൽ അസിസ്റ്റന്റിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെ പാർട്ടി പദവികളിൽ നിന്ന് രാജിവെച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗത്വം, കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് തുടങ്ങിയ പ്രധാന പദവികളിൽ നിന്നാണ് അദ്ദേഹം പടിയിറങ്ങിയത്. തന്റെ അനുയായിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകരുത് എന്ന് കരുതിയാണ് തീരുമാനമെന്ന് ഹരീഷ് റാവത്ത് വ്യക്തമാക്കി.
2016-ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി ആയിരുന്നു ഹരീഷ് റാവത്തിന്റെ പി.എ ചന്ദൻ സിംഗ് ജീനയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയത്. പരിശോധനയിൽ 32 ലക്ഷം രൂപയും സ്വർണ്ണവും ആഡംബര വാച്ചുകളും ഇ.ഡി പിടിച്ചെടുത്തിരുന്നു.
തന്റെ പി.എയ്‌ക്കെതിരായ ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും വരും ദിവസങ്ങളിൽ സത്യം പുറത്തുവരുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അഴിമതിക്കെതിരെ പോരാടുന്ന സാഹചര്യത്തിൽ, താനുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



