ഇഡിയുടെ നീക്കത്തിൽ പ്രതികരിച്ച് ഷോൺ ജോർജ്; ‘പ്രധാന പ്രതി പിണറായി തന്നെ

കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്ക് കത്ത് നൽകിയതിൽ പ്രതികരിച്ച് പരാതിക്കാരനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജ്. ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് പ്രതികരിച്ച ഷോൺ ജോർജ്, കേസിൽ പിണറായി വിജയൻ തന്നെ ആണ് പ്രധാന പ്രതിയെന്നും ആരോപിച്ചു.
പിണറായി വിജയൻ കേരളത്തിൻ്റെ തീരത്തെ ആണ് വിൽപ്പന നടത്തിയത്. കേരള പൊലീസ് എത്രയും പെട്ടെന്ന് കേസ് രജിസ്റ്റർ ചെയ്യണം. ഇഡിയുടെ കത്ത് പ്രകാരമുള്ള കുറ്റങ്ങൾ രജിസ്റ്റർ ചെയ്യണം. എത്രയും പെട്ടെന്ന് പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഎമ്മിനോട് അഭ്യർത്ഥിക്കുന്നതായും ഷോൺ ജോർജ് പറഞ്ഞു. എംഎൽഎ സ്ഥാനത്തുനിന്ന് പിണറായി വിജയൻ്റെ രാജി വാങ്ങണം. ക്യാബിനറ്റ് റാങ്കിൽ ഉള്ള ആളാണ് പിണറായി വിജയൻ. ആ സ്ഥാനത്ത് ഒരു കൊള്ളക്കാരൻ ഇരിക്കാൻ പാടില്ല. അഴിമതിക്കാരൻ ആണ് പിണറായി വിജയൻ എന്നും ഷോൺ ജോർജ് ആരോപിച്ചു.
സിഎംആർഎല്ലിൽനിന്ന് 3.28 കോടി രൂപ കൈപ്പറ്റിയതിൽ മുൻ മുഖ്യമന്ത്രിയായ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഡിജിപി റവാഡ ചന്ദ്രശേഖറിന് കത്ത് നൽകിയത്. മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും വീണ ടിക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കത്തിൽ ആവശ്യമുണ്ട്. കേസ് അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഇഡി ഡിജിപിക്ക് കൈമാറി.
പിണറായി വിജയൻ സിഎംആർഎല്ലിൽനിന്ന് 3.28 കോടി രൂപ മകൾ വീണ വഴി വാങ്ങിയെന്നാണ് കത്തിലുള്ളത്. മുഹമ്മദ് റിയാസ് അഴിമതിപ്പണം കൈപ്പറ്റി വീണ വഴി ദുബായിലേക്ക് കടത്തി. കൈക്കൂലിപ്പണം കൈപ്പറ്റിയത് വീണയാണെന്നാണ് ഇഡി പറയുന്നത്. അതിനാലാണ് പിണറായിക്കൊപ്പം റിയാസിനെയും വീണയെയും പ്രതിചേർക്കണമെന്ന് കൂടി ഇഡി ആവശ്യപ്പെടുന്നത്. ഇഡിയുടെകത്ത് ലഭിച്ചതായി ഡിജിപി സ്ഥിരീകരിച്ചു. അൽപസമയം മുമ്പാണ് ഓഫീസിൽ കത്ത് ലഭിച്ചതെന്നും പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു. കത്ത് ഡിജിപി സർക്കാരിന് കൈമാറാൻ സാധ്യതയുണ്ട്. ഡിജിപി നിയമോപദേശം തേടും.



