വിജയ്യുടെ പരാമർശത്തിൽ നിയമസഭയിൽ വീണ്ടും ബഹളം; ഡിഎംകെ–ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ മിസ, സർക്കാരിയ കമ്മീഷൻ പരാമർശങ്ങളെച്ചൊല്ലി ഇന്നും കടുത്ത പ്രതിഷേധം. പ്രതിപക്ഷമായ ഡിഎംകെ നടത്തിയ ബഹളത്തെ തുടർന്ന് സഭയിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.
മുഖ്യമന്ത്രി സഭയിൽ സംസാരിക്കുന്നതിനിടെ വിജിലൻസ് അന്വേഷണത്തിലുള്ള കേസുകൾ വായിച്ചുകേൾപ്പിച്ചത് സഭാനടപടിക്രമങ്ങളുടെ ലംഘനമാണെന്ന് ഡിഎംകെ എംഎൽഎ ഇ.വി. വേലു ആരോപിച്ചു. അന്വേഷണത്തിലുള്ള കേസുകളിൽ പരാമർശം നടത്തുന്നത് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ആധവ് അർജുന രംഗത്തെത്തി. ഭരണകക്ഷി പറയുന്ന കാര്യങ്ങൾ കേൾക്കാൻ ഡിഎംകെ തയ്യാറാകുന്നില്ലെന്നും താൻ സംസാരിക്കാൻ എഴുന്നേൽക്കുമ്പോഴെല്ലാം പ്രതിപക്ഷം തടസപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെയ്ക്ക് വിജയ്യെയും ഭരണകക്ഷിയെയും ഭയമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മിസയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന ഡിഎംകെയുടെ ആവശ്യം സ്പീക്കർ ജെ.സി.ഡി. പ്രഭാകർ തള്ളി. നേരത്തെ സഭയിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ മാത്രമാണ് മുഖ്യമന്ത്രി പരാമർശിച്ചതെന്നും അതിനാൽ പ്രസംഗഭാഗങ്ങൾ നീക്കം ചെയ്യേണ്ട സാഹചര്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ സഭാ നടപടികൾക്കിടെ ഡിഎംകെയ്ക്കെതിരെ വിജയ് ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഡിഎംകെ പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി ഇഡി കണ്ടെത്തിയിട്ടുണ്ടെന്നും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവരുടെ പേരുകൾ ഇതിൽ പരാമർശിച്ചിട്ടുണ്ടെന്നും വിജയ് ആരോപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി കരുണാനിധി പദവി ദുരുപയോഗം ചെയ്തതായി സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനെതിരെയാണ് ഡിഎംകെ സഭയിൽ ശക്തമായ പ്രതിഷേധം നടത്തിയത്. സ്പീക്കറുടെ ഇരിപ്പിടത്തിന് ചുറ്റും വളഞ്ഞുനിന്ന് ഡിഎംകെ അംഗങ്ങൾ പ്രതിഷേധിച്ചതോടെ സഭയിൽ സംഘർഷാവസ്ഥയുണ്ടായി.



