സ്വർണവിലയിൽ ഇടിവ് തുടരുന്നു; തുടർച്ചയായ പത്താം ദിവസവും താഴേക്ക്, വിപണിയിൽ ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 170 രൂപ കുറഞ്ഞ് 14,190 രൂപയും പവന്‍ വില 1,360 രൂപ താഴ്ന്ന് 1,13,520 രൂപയുമായി. ഓഗസ്റ്റ് 24ന് ഗ്രാമിന് 15,030 രൂപയും പവന് 1,20,240 രൂപയുമായിരുന്നു വില. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില താഴേക്കിറങ്ങുകയായിരുന്നു. തുടർച്ചയായ പത്താം ദിവസവും വില കുറഞ്ഞതോടെ നിരക്കിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ രാജ്യാന്തര സ്വർണവിലയിൽ ഒരു ശതമാനത്തിനടുത്ത് ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്നാണ് കേരളത്തിലും വില കുറഞ്ഞത്. ഔൺസിന് 4,​430 ഡോളറാണ് രാജ്യാന്തര സ്വർണവില. ഉയർന്ന വിലയിൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും യു.എസ് ഡോളർ സൂചികയും ബോണ്ട് വരുമാനവും ഉയർന്നതുമാണ് സ്വർണവിലയെ സമ്മർദത്തിലാക്കിയത്.

യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമോ എന്നതിൽ വ്യക്തത തേടി നിക്ഷേപകർ ഇന്ന് പുറത്തുവരുന്ന യു.എസ് നോൺ-ഫാം പേറോൾസ് കണക്കുകളിലേക്കാണ് ഉറ്റുനോക്കുന്നത്.സെപ്തംബർ 15,​ 16 തീയതികളിൽ നടക്കുന്ന യോഗത്തിന് മുന്നോടിയായി പലിശനിരക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വം വർദ്ധിച്ചതോടെ സ്വർണവിപണിയിൽ അടുത്തിടെ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. ഈ മാസം അവസാനത്തോടെ യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത 50 ശതമാനത്തോളം ആണെന്നും സൂചനയുണ്ട്.

പലിശനിരക്ക് ഉയർന്നേക്കുമെന്ന പ്രതീക്ഷ യു.എസ് ഡോളറിനെയും ദീർഘകാല ബോണ്ട് വരുമാനത്തെയും ഉയർന്ന നിലയിൽ തുടരാൻ സഹായിക്കുന്നുണ്ട്.അതേസമയം, യു.എസ്-ഇറാൻ സംഘർഷം പണപ്പെരുപ്പ ആശങ്കകൾ കൂട്ടുകയും ബോണ്ട് വില്പനയ്ക് കാരണമാകുകയും ചെയ്യുന്നതിനാൽ സ്വർണവിപണിയിലെ അനിശ്ചിതത്വം തുടരുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലും സ്വർണവിലയിൽ തുടർച്ചയായുണ്ടാകുന്ന മാറ്റങ്ങൾ കടുത്ത ആശങ്കയാണ് നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button