കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖലി തങ്ങൾ; സിപിഎമ്മിനെതിരെ സമസ്ത സംഘടനകൾ രംഗത്ത്

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ രംഗത്ത്. സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവനയായിരിക്കാം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും, വർത്തമാനകാലത്ത് സ്ത്രീകൾ പലവിധത്തിലും വേട്ടയാടപ്പെടുന്നുണ്ടല്ലോ എന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു.
സാമൂഹികമായ പ്രത്യേകാവസ്ഥയെ ആയിരിക്കാം കാന്തപുരം ഉദ്ദേശിച്ചതെന്നും, അതൊരു മതപണ്ഡിതന്റെ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ടുള്ള അഭിപ്രായങ്ങളോട് ചേർന്നുനിൽക്കുക എന്നതാണ് ലീഗിന്റെ നിലപാടെന്നും സമുദായത്തിന്റെയും സമൂഹത്തിന്റെയും ഐക്യത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയ സിപിഎമ്മിനെതിരെ കടുത്ത ഭാഷയിലാണ് കാന്തപുരം വിഭാഗം സമസ്ത സംഘടനകൾ തിരിച്ചടിച്ചത്. പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ പാർട്ടി ക്ലാസുകളിൽ മാത്രം മതിയെന്നാണ് എസ്.എസ്.എഫ് നൽകിയ മുന്നറിയിപ്പ്. പൊതുസമൂഹത്തിന് ഇടതുപക്ഷത്തോടുള്ള താൽപ്പര്യത്തെ, കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കുള്ള അംഗീകാരമായി തെറ്റിദ്ധരിക്കേണ്ടതില്ല.
ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ നോക്കേണ്ടതില്ലെന്നും എസ്.വൈ.എസ് വ്യക്തമാക്കി. ഇത്തരം നിലപാടുകൾ അവശേഷിക്കുന്ന സ്വാധീനംകൂടി ഇല്ലാതാക്കാനേ ഉപകരിക്കൂ. വിശ്വാസി സമൂഹത്തിന്റെ ആചാരമര്യാദകൾക്ക് നേരെ കപട പുരോഗമന ക്ലാസുകളുമായി വരുന്ന പാർട്ടി നേതാക്കളുടെ ഇരട്ടത്താപ്പ് പരിഹാസ്യമാണെന്നും എസ്‍വൈഎസ് വിമർശിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയെ എതിർത്ത് സിപിഎം നേതാക്കൾ രംഗത്തുവന്നതിന് പിന്നാലെയാണ് സമസ്ത സംഘടനകളുടെ ഈ രൂക്ഷപ്രതികരണം.



