സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; സെപ്റ്റംബർ 2 മുതൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സന്ദർശന സമയം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിക്കുന്നതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ 5.30 വരെയാണ് ഇനി സന്ദർശന സമയം.
ഈ ദിവസങ്ങളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകൾ നേരിടുന്നവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവരെ ഉൾപ്പെടെയുള്ള സന്ദർശകരെ കാണും.
മറ്റ് ജില്ലകളിൽനിന്ന് എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കണ്ട് പരാതി നൽകാനും സെക്രട്ടേറിയറ്റിലെ തിരക്ക് ഒഴിവാക്കാനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സെപ്റ്റംബർ 2 മുതലാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം. ഇതിനായി വൈകിട്ട് 3 മുതൽ 5 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും.



