‘എല്ലാം ഞാനെന്ന ഭാവം കമ്യൂണിസ്റ്റിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സിപിഐയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതു മുന്നണിയിൽ പടലപ്പിണക്കം തെരുവിലേക്ക്. എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ മുന്നണി രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുകയാണ്. “താൻ തീരുമാനിക്കും, എല്ലാം ഞാനാണ് എന്ന ഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല” എന്ന കടുത്ത വിമർശനവുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി രംഗത്തെത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം സിപിഎമ്മിനും പിണറായി വിജയനും എതിരെ കടുത്ത വാക്കുകളിൽ ആഞ്ഞടിച്ചത്.

പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെയും ധാർമ്മികതയുടെയും തികഞ്ഞ ലംഘനമാണെന്ന് സത്യൻ മൊകേരി വ്യക്തമാക്കുന്നു. ഒന്നിലധികം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പൊതുലക്ഷ്യത്തിനായി ഒന്നിക്കുന്നതാണ് മുന്നണി സംവിധാനമെന്നും, അവിടെ ഏകപക്ഷീയമായ തീരുമാനങ്ങളും ഏകനായകത്വ ഭാവവും മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് മുന്നണി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സിപിഐ മുന്നോട്ടുവെച്ച നിർദ്ദേശം ചർച്ചകളിൽ ഇരിക്കെയാണ്, അതിനെയെല്ലാം കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തിൽ ഏകപക്ഷീയ നിലപാട് പ്രഖ്യാപിച്ചതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

താൻ കത്ത് നൽകേണ്ട താമസം മാത്രമേയുള്ളൂവെന്നും സിപിഎം നേതാവ് തന്നെ ഉപനേതാവാകുമെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ഇടതുപക്ഷ രാഷ്ട്രീയ ശൈലിക്ക് നിരക്കുന്നതല്ലെന്ന് സത്യൻ മൊകേരി തുറന്നടിച്ചു. തർക്കങ്ങൾ പരിഹരിച്ച് എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്താൻ നീക്കം നടക്കുമ്പോൾ, പത്രസമ്മേളനം നടത്തി ഏകപക്ഷീയമായി നിലപാടുകൾ പ്രഖ്യാപിക്കുന്നത് എൽഡിഎഫിനെ ശക്തിപ്പെടുത്താനാണോയെന്നും അദ്ദേഹം ആരാഞ്ഞു.

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ധാർമ്മികതയെയും പക്വതയെയും പ്രകീർത്തിച്ച സത്യൻ മൊകേരി, കമ്മ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത നിലവിലെ പ്രതിപക്ഷ നേതാവിനില്ലാതെ പോയതിൽ ഖേദമുണ്ടെന്നും കൂട്ടിച്ചേർത്തു. ഇതോടെ എൽഡിഎഫിലെ കക്ഷിപോര് വരും ദിവസങ്ങളിൽ കൂടുതൽ കടുക്കുമെന്ന് ഉറപ്പായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button