പിണറായിയുടെ അകമ്പടിവാഹനം സസ്‌പെൻഷനിലുള്ള ഗൺമാൻ ഉപയോഗിച്ച സംഭവം; വിശദീകരണം വിവാദത്തിൽ, അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അകമ്പടിവാഹനം സസ്‌പെൻഷനിലുള്ള ഗൺമാൻ ഉപയോഗിച്ച സംഭവത്തിൽ വിശദീകരണം വിവാദത്തിൽ. ഗൺമാൻ അനിൽകുമാർ വാഹനം സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോയതല്ലെന്നും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ ലിഫ്റ്റ് നൽകിയതാണെന്നുമാണ് അകമ്പടിവാഹനത്തിന്റെ ഡ്രൈവർ സിനോജ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.

എന്നാൽ, അനിൽകുമാറിനൊപ്പം രക്ഷാപ്രവർത്തനത്തിനിടെ മർദനമുണ്ടായ കേസിൽ സസ്‌പെൻഷനിലുള്ള മറ്റൊരു ഗൺമാൻ സന്ദീപും വാഹനത്തിലുണ്ടായിരുന്നെന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. ഇതോടെയാണ് സംഭവം കൂടുതൽ വിവാദമായത്.

ഞായറാഴ്ച എറണാകുളത്ത് നടക്കേണ്ടിയിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ പിണറായി വിജയൻ ട്രെയിനിൽ എത്തുമെന്ന് അറിയിച്ചതിനെത്തുടർന്ന് ഡ്രൈവർ നേരത്തേ അകമ്പടിവാഹനവുമായി എറണാകുളത്തേക്ക് പോയിരുന്നു. എന്നാൽ, പരിപാടി റദ്ദായതോടെ പിണറായി എത്തിയില്ല. തുടർന്ന് ഒറ്റയ്ക്ക് തിരികെ വരുമ്പോൾ അനിൽകുമാറിന് ലിഫ്റ്റ് നൽകിയെന്നാണ് ഡ്രൈവറുടെ വിശദീകരണം.

പിണറായി വിജയൻ നിയമസഭയിലായിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ എസ്‌കോർട്ട് വാഹനമായ ഇന്നോവ അനിൽകുമാർ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. പത്തനാപുരം, ഏനാത്ത് മേഖലകളിൽ വാഹനം സന്ദർശനം നടത്തിയതായാണ് ഇന്റലിജൻസിന്റെ പ്രാഥമിക കണ്ടെത്തൽ. പത്തനാപുരത്ത് കരിക്ക് കുടിക്കാൻ വാഹനം നിർത്തിയപ്പോഴാണ് നാട്ടുകാർ സംഭവം ശ്രദ്ധിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തത്.

ഇന്റലിജൻസ് എഡിജിപി വിഷയം ഡിജിപിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button