വി.ഡി. സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ; നേട്ടങ്ങളും വെല്ലുവിളികളും വിലയിരുത്തി ഡോ. ബി. ഇക്ബാൽ

വി. ഡി. സതീശൻ സർക്കാരിന്റെ ആദ്യ നൂറ് ദിനങ്ങൾ പ്രതീക്ഷ നൽകുന്നതാണെങ്കിലും, ഭാവി പ്രകടനം പ്രഖ്യാപനങ്ങളുടെ ഫലപ്രാപ്തിയെയും സുസ്ഥിരതയെയും അടിസ്ഥാനമാക്കിയായിരിക്കണമെന്ന് പ്രമുഖ ആരോഗ്യ പ്രവർത്തകനും ചിന്തകനുമായ ഡോ. ബി. ഇക്ബാൽ. കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്ന സർക്കാരാണെന്ന ധാരണ സൃഷ്ടിക്കാൻ തുടക്കത്തിൽ കഴിഞ്ഞിട്ടുണ്ട്.

മന്ത്രിസഭയിലെ ചെറുപ്പക്കാരുടെ വർധിച്ച സാന്നിധ്യവും അവരുടെ പ്രവർത്തനങ്ങളും ജനങ്ങളിൽ വലിയ പ്രതീക്ഷയുണർത്തുന്നുണ്ടെന്നും, എന്നാൽ ആരംഭിച്ച പദ്ധതികൾ തുടരുകയും സ്ഥാപനവൽക്കരിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ പ്രകടനത്തിന് 10-ൽ 5 മാർക്കാണ് അദ്ദേഹം നൽകിയത്.

ലഹരിവിരുദ്ധ പോരാട്ടത്തിൽ “ഓപ്പറേഷൻ തൂഫാൻ” മികച്ച തുടക്കമാണെങ്കിലും, ഇതൊരു ആഭ്യന്തര വകുപ്പിന്റെ മാത്രം ചുമതലയായി കാണാനാകില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളെ സംയോജിപ്പിച്ചുള്ള “ആരോഗ്യ തൂഫാൻ” കൂടി നടപ്പിലാക്കണമെന്നും, വിദ്യാർത്ഥികളുടെ മാനസിക-ശാരീരിക ആരോഗ്യം മുൻനിർത്തിയുള്ള സമഗ്ര പദ്ധതി വേണമെന്നും കുറിപ്പിൽ പറയുന്നു.

ആരോഗ്യരംഗത്ത് പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നതിനേക്കാൾ, നിലവിലുള്ള സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്. ബജറ്റിൽ പ്രഖ്യാപിച്ച “ഗോൾഡൻ അവർ”, വയോജന പരിചരണം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കൂടുതൽ മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ‘University–Research Institution Ecosystem’ വികസിപ്പിക്കണമെന്ന് ഡോ. ഇക്ബാൽ നിർദ്ദേശിച്ചു. വയോജനങ്ങൾക്കായി ‘വയോജന വകുപ്പ്’ രൂപീകരിച്ചത് സ്വാഗതാർഹമാണെങ്കിലും, പ്രത്യേക മന്ത്രിയില്ലാത്തത് പരിമിതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയോജനങ്ങളുടെ അറിവും പരിചയവും ഉപയോഗപ്പെടുത്തുന്ന “സിൽവർ ഇക്കോണമി” എന്ന ആശയം ഉടൻ പ്രാവർത്തികമാക്കണം. പ്രാദേശിക തലത്തിൽ വർധിച്ചുവരുന്ന പകർച്ചവ്യാധികൾ തടയാനും മാലിന്യസംസ്കരണത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ മുൻകൈ എടുക്കേണ്ടതുണ്ട്.

തദ്ദേശസ്ഥാപനങ്ങളിൽ 50 ശതമാനത്തിലധികം വനിതാ പ്രാതിനിധ്യം ഉണ്ടായിട്ടും സ്ത്രീകൾക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ ശൗചാലയങ്ങൾ ഉറപ്പാക്കാൻ കഴിയാത്തത് വലിയ വീഴ്ചയാണെന്നും ഇതിന് അടിയന്തര മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം വസ്തുനിഷ്ഠമായി വിലയിരുത്തി പുതിയ പ്രവർത്തനരീതി ആവിഷ്കരിക്കേണ്ട സമയമാണിത്. ആദ്യ നൂറുദിവസങ്ങൾ സൃഷ്ടിച്ച പ്രതീക്ഷകളെ സുസ്ഥിരമായ നയങ്ങളായും ശക്തമായ സ്ഥാപനസംവിധാനങ്ങളായും മാറ്റിയെടുക്കുന്നതിലാണ് സർക്കാരിന്റെ യഥാർത്ഥ വിജയം കുടികൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button