പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ മൊഴിയെടുക്കും; രാഹുലിന്റെ സമരത്തിന് പിന്നാലെ പൊലീസ് നടപടി

ദില്ലിയിൽ പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിൽ ലോച്ചബിന്റെ മൊഴി ഇന്ന് ദില്ലി പൊലീസ് രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്ഐആറിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആറ് മണിക്കൂറോളം നടത്തിയ കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തിരിച്ചറിയാത്ത ആളുകൾക്കെതിരെയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്.

ദില്ലിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതിഷേധം. മുൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ മാർച്ചിനിടെയാണ് സാഹിൽ ലോച്ചബിന് പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റതെന്നാണ് പരാതി.

പരാതി നൽകിയിട്ടും നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് കോൺഗ്രസ് ആരോപണം. തുടർന്ന് സാഹിലിനൊപ്പമാണ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.

പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് തുടക്കം മാത്രമാണെന്നും രാജ്യതലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രതിഷേധ സ്ഥലത്തെത്തിയിരുന്നു.

പരിക്കേറ്റ സാഹിൽ ലോച്ചബ് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button