ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി; ‘ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം ലഭിച്ചത്’

ആലപ്പുഴ: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിന് വ്യക്തിശുദ്ധിയില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചതിച്ചതിന്റെ പ്രതിഫലമായാണ് എൽ.ഡി.എഫ് മന്ത്രിസ്ഥാനം നൽകിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഗണേഷ് കുമാറിന് വ്യക്തിശുദ്ധിയില്ലെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. ഇടതുപക്ഷ നേതാക്കൾ സുഖിച്ചുനടന്നതാണ് കേരളത്തിൽ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ കഴിയാതെ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവെക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയൻ തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്തുതന്നിട്ടില്ലെങ്കിലും അദ്ദേഹത്തെ തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന്റെ ഓഫീസിലെ ഏറ്റവും വലിയ ‘പുഴുക്കുത്ത്’ അദ്ദേഹത്തിന്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരെയും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. ഷംസീർ യഥാർഥ കമ്മ്യൂണിസ്റ്റുകാരനല്ലെന്നും മുസ്ലിം ലീഗിന്റെ മനസ്സുള്ള ആളാണെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഏറെ കഷ്ടപ്പെട്ട് ഉയർന്നുവന്നപ്പോൾ ഷംസീർ വളരെ എളുപ്പത്തിൽ നേതാവായെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
കേരളത്തിൽ ഈഴവ സമുദായത്തിൽനിന്ന് മുഖ്യമന്ത്രി ഉണ്ടാകാത്തതിനെക്കുറിച്ചും വെള്ളാപ്പള്ളി പരാമർശിച്ചു. മതേതരത്വം പറഞ്ഞുനടന്ന ഈഴവർ രാഷ്ട്രീയത്തിൽ വേണ്ടത്ര മുന്നേറിയിട്ടില്ലെന്നും ഇനി നൂറ് വർഷം കഴിഞ്ഞാലും കേരളത്തിൽ ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



