തെങ്ങ് ചതിച്ചു, കാര്‍ ‘ജീവനൊടുക്കി’

0

  • ഓടിക്കൊണ്ടിരുന്ന കാറില്‍ തേങ്ങ വീണു; തെങ്ങില്‍ ഇടിച്ച് കാര്‍ കത്തിനശിച്ചു

തിരുവല്ല: തിരുമൂലപുരത്ത് ഓടികൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ തേങ്ങ വീണു. വെട്ടിച്ചപ്പോള്‍ നിയന്ത്രണംതെറ്റി മുന്നോട്ടുപോയ കാര്‍ അതേ തെങ്ങില്‍ ഇടിച്ചു കയറി കത്തി നശിച്ചു. കാര്‍ ഓടിച്ചിരുന്ന സ്ത്രീയും രണ്ടു കുട്ടികളും നേരിയ പരക്കുകളോടെ രക്ഷപ്പെട്ടു.
തിരുമൂലപുരം കറ്റോട് റോഡില്‍ ഇരുവെള്ളിപ്ര പാഴൂര്‍ ഇറക്കത്ത് വളവില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം. ഇരുവെള്ളിപ്രപുറത്തേ പറമ്പില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഓള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. ബിജുവിന്റെ ഭാര്യ ജീനയാണു കാര്‍ ഓടിച്ചിരുന്നത്.
പിന്‍സീറ്റില്‍ മക്കളായ ബിയ, ബിയോണ്‍ എന്നിവരും ഉണ്ടായിരുന്നു. ജീനയുടെ തിരുമൂലപുരത്തുള്ള ഡി.ടി.പി. സെന്റര്‍ അടച്ച് വീട്ടിലേക്കു ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. റോഡരുകിലുള്ള തുറന്ന ഓടയും മറികടന്നാണു തെങ്ങിലിടിച്ചു കാര്‍ നിന്നത്. നാട്ടുകാര്‍ ഓടിയെത്തി ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയ ശേഷമാണു കാര്‍ കത്താന്‍ തുടങ്ങിയത്. തീയണക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു.
വിവരമറിഞ്ഞ് തിരുവല്ലയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണു തീ അണച്ചത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എസ്. അജിത്ത്, സീനിയര്‍ ഫയര്‍ ആന്‍ഡ്‌റെസ്‌ക്യൂ ഓഫീസര്‍ സതീഷ് കുമാര്‍, ഉദ്യോഗസ്ഥരായ സൂരജ്മുരളി, ഷിജു, രഞ്ജിത്, ഷിബിന്‍രാജ്, സജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ തിരുവല്ല താലൂക്കാശുപത്രിയില്‍ പ്രാഥമ ശുശ്രൂഷ സ്വീകരിച്ചശേഷം ജീനയും മക്കളും വീട്ടിലേക്കു മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here