അജിത്‌കുമാറിന്റെ വാദങ്ങൾക്ക് തെളിവില്ല; സസ്‌പെൻഷൻ റദ്ദാക്കണമെന്ന ആവശ്യം തള്ളി സർക്കാർ

തിരുവനന്തപുരം: സസ്‌പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംആർ അജിത്‌കുമാർ നിരത്തിയ വാദങ്ങൾ തള്ളി സർക്കാർ. എസ്‌ഐടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഡ് ചെയ്‌തതെന്നാണ് സർക്കാരിന്റെ വിശദീകരണം. സസ്‌പെൻഷനിൽ ഒപ്പുവയ്‌ക്കാൻ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും സർക്കാർ പറയുന്നു. മുഖ്യമന്ത്രി ഒപ്പ് വച്ചില്ലെന്ന അജിത്‌കുമാറിന്റെ വാദവും സർക്കാർ തള്ളി.

സസ്‌പെൻഷന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന അജിത്‌കുമാറിന്റെ വാദത്തിന് തെളിവില്ലെന്നും പ്രൊമോഷൻ തടയാനാണ് സസ്‌പെൻഡ് ചെയ്‌തതെന്ന വാദം അടിസ്ഥാന രഹിതമാണെന്നും സർക്കാർ വാദിച്ചു. ചട്ടങ്ങൾ പാലിച്ചാണ് നടപടിയെടുത്തത്. സസ്‌പെൻഷൻ ഉത്തരവിന് മുമ്പ് അജിത്‌കുമാറിനോട് വിശദീകരണം തേടിയിരുന്നു.

എന്നാൽ, വിശദീകരണം തൃപ്‌തികരമായിരുന്നില്ല.യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസിൽ എഡിജിപി അജിത്‌കുമാർ ഇടപെട്ട് ചിലരുടെ മൊഴി മാറ്റിയതിന് തെളിവ് ലഭിച്ചുവെന്ന് എസ്‌ഐടി റിപ്പോർട്ടിലുണ്ട്. സസ്‌പെൻഷൻ രാഷ്‌ട്രീയ പ്രേരിതമെന്ന ആരോപണം നിലനിൽക്കില്ലെന്നും സ‌ർക്കാർ പറഞ്ഞു. അജിത്‌കുമാറിന്റെ ഹർജി തള്ളണമെന്നും സർക്കാർ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവിൽ സത്യവാംഗ്‌മൂലം നൽകി. അടുത്ത മാസം മൂന്നിന് ഹർജി പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button