സുഗതന്റെ അവധി അപേക്ഷ: ഡോ. ചിത്ര പി. അരുണിമയുടെ സസ്‌പെൻഷൻ സ്റ്റേ ചെയ്യാൻ ട്രൈബ്യൂണൽ വിസമ്മതിച്ചു

തിരുവനന്തപുരം: തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി സ്റ്റേ ചെയ്യാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിസമ്മതിച്ചു. ഇതോടെ അരുണിമയുടെ സസ്‌പെൻഷൻ തുടരും. കേസിൽ വിശദമായ മറുപടി സമർപ്പിക്കാൻ സർക്കാർ സാവകാശം തേടിയത് ട്രൈബ്യൂണൽ അംഗീകരിച്ചു. കേസ് സെപ്റ്റംബറിൽ വീണ്ടും പരിഗണിക്കും.
സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട നടപടിയിൽ അണ്ടർ സെക്രട്ടറി ഡോ. ചിത്ര അരുണിമയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ട്. കാപ്പാ പ്രതിയായ സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി മേയർ വി.വി. രാജേഷിനാണ് കത്ത് നൽകിയത്. കത്ത് ലഭിച്ച വിവരം ജയിൽ സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. തുടർന്ന് 13ന് കത്ത് ആഭ്യന്തര വകുപ്പ് തദ്ദേശ വകുപ്പിന് കൈമാറി.
തദ്ദേശ വകുപ്പിലെ അസിസ്റ്റന്റ് കത്തിൽ വകുപ്പ് നടപടി സ്വീകരിക്കേണ്ടതില്ലെന്ന് രേഖപ്പെടുത്തി. തുടർന്ന് അണ്ടർ സെക്രട്ടറി വഴി ഫയൽ സെക്രട്ടറി ഷാനവാസ് പരിശോധിച്ചു. സെക്രട്ടറിയും മന്ത്രിയും അനുമതി നിഷേധിച്ചു.
എന്നാൽ ഈ തീരുമാനം മറികടന്ന് കെ.എ.എസ് ഉദ്യോഗസ്ഥയായ ഡോ. ചിത്ര അരുണിമ അപേക്ഷയിൽ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. 20ന് ലഭിച്ച കുറിപ്പ് അതേപടി പകർത്തിയാണ് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി മേയർക്ക് കത്ത് നൽകിയതെന്നും റിപ്പോർട്ടിലുണ്ട്.



