‘ദോശയ്ക്ക് 1500 രൂപ, പക്ഷേ കൈകൊണ്ട് കഴിക്കാൻ വിലക്ക്’; സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം

ദോശ കൈകൊണ്ടെടുത്ത് സാമ്പാറിലും ചട്‌നിയിലുമൊക്കെ മുക്കി കഴിക്കുന്ന രീതിയാണ് നമുക്ക് പരിചയം. ഇപ്പോഴിതാ, അങ്ങനെ ചെയ്യുന്നതിന് പകരം സ്‌പൂണും ഫോർക്കും ഉപയോഗിച്ച് കഴിക്കുന്ന വ്യത്യസ്‌തമായ രീതിയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കേണ്ട രീതിയെന്ന് പറഞ്ഞ് ഒരു എറ്റിക്കറ്റ്സ് കോച്ചാണ് ഈ രീതി അവതരിപ്പിച്ച് കാണിക്കുന്നത്.
വീഡിയോയിൽ ആദ്യം ദോശയുടെ ഇരുവശങ്ങളും മദ്ധ്യഭാഗത്തേയ്‌ക്ക് മടക്കുന്നു. തുടർന്ന് സ്‌പൂൺ ഉപയോഗിച്ച് ദോശയിൽനിന്ന് ഒരുകഷ്‌ണം വേർതിരിച്ചെടുത്ത് ഫോർക്കിലെടുത്ത് കഴിക്കുന്നതായാണ് കാണിക്കുന്നത്. എന്നാൽ, ദോശയ്‌ക്ക് ഇത്തരത്തിലൊരു ഫൈവ് സ്റ്റാർ രീതിയുണ്ടോയെന്നാണ് പലരും ചോദിക്കുന്നത്.’ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരു ദോശയ്‌ക്ക് 1500 രൂപവരെ നൽകുന്നുണ്ടെങ്കിലും കൈകൊണ്ട് കഴിക്കാൻപോലും പാടില്ലത്രേ! ഫോർക്കും സ്‌പൂണും നിർബന്ധമാണ്.
ഫൈവ് സ്റ്റാർ ഹോട്ടലിലെ അതിഥിയെപ്പോലെ ദോശ കഴിക്കുന്നതിനുള്ള പരിശീലന വീഡിയോ ഇതാ’- എന്ന് പരിഹാസാത്മകമായ കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.നിരവധിപേരാണ് വീഡിയോയ്‌ക്ക് പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണരീതികൾ പലപ്പോഴും അതിഥികളെ ആശയക്കുഴപ്പത്തിലാക്കാറുണ്ടെന്നും ചിലർ തമാശയായി പറയുന്നു.
‘ഇന്ത്യൻ ഭക്ഷണം ഇന്ത്യൻ രീതിയിൽതന്നെ കഴിക്കണം, പാശ്ചാത്യ ഭക്ഷണം പാശ്ചാത്യ രീതിയിലും’ എന്നായിരുന്നു ഒരാൾ കുറിച്ചത്. ‘അടുത്തതായി ചിക്കൻ ലോലിപോപ് സ്‌പൂണും ഫോർക്കും ഉപയോഗിച്ച് കഴിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കൂ’ എന്നും മറ്റൊരാൾ പരിഹസിച്ചു.അതേസമയം, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നതിന് ഇത്തരത്തിലൊരു നിയമമില്ലെന്നും ഓരോരുത്തർക്കും ഇഷ്‌ടമുള്ള രീതിയിൽ ഭക്ഷണം കഴിക്കാമെന്നും ചിലർ ചൂണ്ടിക്കാട്ടി.



