ഹണിമൂണിനിടെ ആർത്തവമുണ്ടായതിന് ഭർത്താവിന്റെ മർദ്ദനം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതിയുടെ പരാതി

ലക്‌നൗ: ഹണിമൂണിനിടെ ആർത്തവമുണ്ടായതിന്റെ പേരിൽ ഭർത്താവ് മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ സ്വദേശിനിയുടെ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
2023 മേയിൽ ഡൽഹി സ്വദേശിയായ നിഖിൽ മിശ്രയെ വിവാഹം കഴിച്ച യുവതി, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കുള്ള ഹണിമൂൺ യാത്രയ്ക്കിടെയാണ് സംഭവമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. ആർത്തവത്തെ തുടർന്ന് കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭർത്താവ് പ്രകോപിതനായതെന്നാണ് ആരോപണം.
ആർത്തവത്തെക്കുറിച്ച് നേരത്തെ അറിയിച്ചില്ലെന്നും തന്റെ ‘മൂഡ് കളഞ്ഞെന്നും’ പറഞ്ഞ് നിഖിൽ തന്നെ അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു. യുവതിയുടെ നിലവിളി കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് രക്ഷിച്ചതെന്നും പരാതിയിൽ പറയുന്നു.
ഭർത്താവിന്റെ മാതാവും സഹോദരിയും മാനസികമായി പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചിട്ടുണ്ട്. വിവാഹസമയത്ത് പിതാവ് 20 ലക്ഷം രൂപയും കാറും ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കളും നൽകിയിരുന്നുവെന്നും സ്ത്രീധനമായി നൽകിയ വസ്തുക്കളുടെ പേരിൽ ഭർതൃവീട്ടുകാർ തന്നെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ പിതാവിനെ വിളിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് 45 ദിവസത്തിന് ശേഷം തന്നെ ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയെന്നും പരാതിയിലുണ്ട്. പ്രശ്നം പരിഹരിക്കാൻ എത്തിയ പിതാവിനെയും ഭർതൃവീട്ടുകാർ അപമാനിച്ചതായും സ്ത്രീധനമായി നൽകിയ വസ്തുക്കൾ തിരികെ നൽകിയില്ലെന്നും യുവതി ആരോപിച്ചു.
ഭർത്താവ് നിരന്തരം ഭീഷണി സന്ദേശങ്ങൾ അയക്കുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. ഗോരഖ്‌പൂർ സീനിയർ പൊലീസ് സൂപ്രണ്ടിന്റെ ഇടപെടലിനെ തുടർന്ന് ഓഗസ്റ്റ് 15നാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



