കേരള ക്രിക്കറ്റ് ലീഗ്: മൂന്നാം സീസണിന് ഒരുങ്ങി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്; മുഖ്യമന്ത്രിയെ കണ്ട് ടീം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വിഘ്നേഷ് പുത്തൂർ, സൽമാൻ നിസാർ, അബ്ദുൾ ബാസിത് എന്നിവരടക്കമുള്ള താരങ്ങളും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു. വരാനിരിക്കുന്ന കെസിഎൽ സീസണിനെക്കുറിച്ചും ടീമിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചും താരങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
കൂടിക്കാഴ്ചയുടെ ഭാഗമായി മൂന്നാം സീസണിലെ ഔദ്യോഗിക ജേഴ്സി താരങ്ങൾ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. പുതിയ സീസണായുള്ള അവസാനഘട്ട ഒരുക്കങ്ങളിലേക്ക് ടീം കടന്നിരിക്കുകയാണ്.
ഹെഡ് കോച്ച് ബിജുമോൻ എൻ.പിയുടെ മേൽനോട്ടത്തിൽ ഗ്ലോബ്സ്റ്റാർസിന്റെ പരിശീലനം പുരോഗമിക്കുകയാണ്. ഈ സീസണിലും രോഹൻ കുന്നുമ്മൽ തന്നെയാണ് ടീമിനെ നയിക്കുന്നത്. അഖിൽ സക്കറിയ വൈസ് ക്യാപ്റ്റനായി തുടരും.
ഓഗസ്റ്റ് 20ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെ നേരിട്ടാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് പോരാട്ടത്തിന് തുടക്കമിടുന്നത്. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ നടക്കുക.



