വന്ദേമാതരം ആലാപനം തടയാൻ ശ്രമിച്ചെന്ന പരാതി; സോണിയ ഗാന്ധിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരാതി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നത് തടയാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരാതികൾ. ഡൽഹി, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലാണ് പരാതികൾ ലഭിച്ചത്.
വന്ദേമാതരം ആലാപനം തടസപ്പെടുത്താൻ സോണിയ ഗാന്ധി ശ്രമിച്ചെന്ന് ആരോപിച്ച് യുവമോർച്ച ബംഗളൂരുവിലെ മല്ലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മംഗളൂരുവിലെ ഉർവ പൊലീസ് സ്റ്റേഷനിൽ ബിജെപി നേതാക്കളായ വികാസ് കെ, രാജഗോപാൽ എന്നിവരും പരാതി നൽകി.
രാജ്യതലസ്ഥാനത്തും സോണിയ ഗാന്ധിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. വന്ദേമാതരത്തെ അപമാനിച്ചെന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിൽ ഡൽഹി പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. നിയമോപദേശം ലഭിച്ചശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്യൂവെന്നാണ് പൊലീസിന്റെ നിലപാട്.
അതിനിടെ, വന്ദേമാതരം രചിച്ച ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ബന്ധുവും പശ്ചിമബംഗാളിലെ ബിജെപി എംഎൽഎയുമായ സുമിത്രോ ചാറ്റർജി സോണിയ ഗാന്ധി നിരുപാധികം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. എഐസിസി ആസ്ഥാനത്ത് നടന്നത് ചരിത്രപരമായ തെറ്റിന്റെ ആവർത്തനമാണെന്ന് സോണിയയ്ക്ക് അയച്ച കത്തിൽ അദ്ദേഹം ആരോപിച്ചു.
1937ൽ മുഹമ്മദ് അലി ജിന്നയുടെ എതിർപ്പിനെ തുടർന്ന് വന്ദേമാതരം വെട്ടിച്ചുരുക്കിയ പാർട്ടി വീണ്ടും തെറ്റ് ആവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വന്ദേമാതരത്തെ ബഹുമാനിക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ ബഹുമാനിക്കുന്നതിന് തുല്യമാണെന്നും സുമിത്രോ ചാറ്റർജി പറഞ്ഞു.
അതേസമയം, സോണിയ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശക്തമായ വിമർശനവുമായി രംഗത്തെത്തി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോൺഗ്രസ് നടത്തിയ നടപടി ലജ്ജാകരമാണെന്നും രാജ്യത്തെ 140 കോടി ജനങ്ങൾ ഇത് പൊറുക്കില്ലെന്നും അമിത് ഷാ ആരോപിച്ചു. സംഭവത്തിൽ സോണിയ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



