പുതിയ ബസ് വാങ്ങുന്ന പണത്തിൽ 10 ബസുകൾ നവീകരിക്കും; കെഎസ്ആർടിസിക്ക് നേട്ടമാകുന്ന പദ്ധതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി നടപ്പാക്കുന്ന ബസ് റിഫർബിഷ്‌മെന്റ് പദ്ധതി സ്ഥാപനത്തിന് വലിയ സാമ്പത്തിക നേട്ടമാകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഒരു പുതിയ ബസ് വാങ്ങുന്നതിനായി ചെലവഴിക്കുന്ന തുക ഉപയോഗിച്ച് പത്ത് ബസുകൾ വരെ അറ്റകുറ്റപ്പണികൾ നടത്തി സർവീസിന് ഇറക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ ആദ്യഘട്ടത്തിൽ നവീകരണം പൂർത്തിയാക്കിയ 14 ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡീലക്സ് വിഭാഗം ബസുകൾക്ക് ശരാശരി രണ്ടര ലക്ഷം രൂപയും മറ്റ് വിഭാഗങ്ങളായ എഫ്.പി, എസ്.എഫ്.പി, ബി.ടി.സി തുടങ്ങിയ ബസുകൾക്ക് ശരാശരി ഒന്നര ലക്ഷം രൂപയുമാണ് നവീകരണത്തിനായി ചെലവഴിക്കുന്നത്.

ബസുകളുടെ പുറംഭാഗവും ഉൾഭാഗവും മോടിപിടിപ്പിക്കുന്നതിനൊപ്പം മെക്കാനിക്കൽ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, സീറ്റുകൾ, ലൈറ്റിങ്, തറ, വിൻഡോകൾ എന്നിവയും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ അഞ്ച് വർക്ക്‌ഷോപ്പുകളിലായാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

സൂപ്പർ ക്ലാസ് വിഭാഗത്തിലെ 26 ബസുകളും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് വിഭാഗങ്ങളിലെ 52 ബസുകളും ഓർഡിനറി വിഭാഗത്തിലെ 22 ബസുകളും ഉൾപ്പെടെ ആകെ 100 ബസുകളാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്.

കാലാവധി കഴിഞ്ഞെങ്കിലും സാങ്കേതികമായി മികച്ച നിലയിലുള്ള ബി.എസ്-3, ബി.എസ്-4 വിഭാഗങ്ങളിലെ ബസുകളാണ് നിലവിൽ നവീകരിക്കുന്നത്. എഞ്ചിന്റെ പ്രവർത്തനക്ഷമത പ്രത്യേകം പരിശോധിച്ച ശേഷമാണ് ആവശ്യമായ ബസുകൾ റീകണ്ടീഷൻ ചെയ്യുന്നത്.

റിഫർബിഷ്‌മെന്റിന് ശേഷം ഇത്തരം ബസുകളിൽ മലിനീകരണ തോത് 80 മുതൽ 85 ശതമാനം വരെ കുറഞ്ഞതായി പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നതായും മന്ത്രി പറഞ്ഞു. കാലാകാലങ്ങളിൽ ഇത്തരം നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ബസുകളുടെ ഉപയോഗകാലം വർധിപ്പിക്കാനും സാധിക്കും.

പഴയതാണെങ്കിലും മികച്ച സാങ്കേതിക നിലവാരമുള്ള ബസുകളെ കൂടുതൽ കാലം സർവീസിൽ നിലനിർത്തുന്നതിനൊപ്പം പുതിയ ബസുകൾ വാങ്ങുന്നതിനോടൊപ്പം നിലവിലുള്ള വാഹനശേഷി കാര്യക്ഷമമായി ഉപയോഗിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ ‘പ്രോജക്ട് സൂര്യ’ പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നടത്തി. ബസുകൾ റിഫർബിഷ് ചെയ്ത മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, ഫിനാൻഷ്യൽ അഡ്വൈസർ എ. അജിത്കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button