ആർബിഐ തിരുവനന്തപുരം ശാഖയിൽ മെഷീനിൽ കൈ കുടുങ്ങി; കരാർ ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ ശാഖയിൽ മെഷീനിൽ കൈ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബംഗളൂരു സ്വദേശി അശോകാണ് മരിച്ചത്. ആർബിഐയ്ക്കായി കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അശോക്.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. അടുത്തിടെ തിരുവനന്തപുരം ശാഖയിൽ എത്തിച്ച പുതിയ മെഷീൻ പ്രവർത്തിപ്പിച്ച് പരിശോധിക്കുന്നതിനിടെയാണ് അശോകിന്റെ കൈ മെഷീനിൽ കുടുങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.
വലിയ തോതിൽ രക്തം വാർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെയാണ് അശോക് ജോലിക്കായി തിരുവനന്തപുരത്തെത്തിയത്.
മെഷീൻ പ്രവർത്തിപ്പിച്ചതിലെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് കണ്ടെത്താൻ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.



