റോബിൻ-വേദലക്ഷ്മി വാക്പോര്; പ്രതികരണവുമായി സായ് കൃഷ്ണ, ‘അഭിൽ ദേവ് റോബിനെ സഹായിച്ചയാൾ’

റോബിൻ-വേദലക്ഷ്മി വിവാദത്തിൽ പ്രതികരണവുമായി യൂട്യൂബർ സായ് കൃഷ്ണ. ബിസിനസ് ലക്ഷ്യമിട്ടാണ് റോബിൻ ബിജെപിയിൽ ചേർന്നതെന്ന ആരോപണവുമായി വേദലക്ഷ്മി റോബിന്റെ ഓഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് സായ് കൃഷ്ണയുടെ പ്രതികരണം.
വേദലക്ഷ്മിയും കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവും ചേർന്ന് നിർമിച്ച എഡിറ്റഡ് ഓഡിയോകൾ ഉപയോഗിച്ച് തന്നിൽ നിന്ന് പണം തട്ടിയെടുക്കാനും രാഷ്ട്രീയമായി തകർക്കാനും ശ്രമിക്കുകയാണെന്നാണ് റോബിൻ ആരോപിക്കുന്നത്.
എന്നാൽ, സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്ന സമയത്ത് റോബിനെ സഹായിച്ചയാളാണ് അഭിൽ ദേവെന്ന് സായ് കൃഷ്ണ പറഞ്ഞു. റോബിന് വലിയൊരു തുക കടമുണ്ടെന്നും മാസതവണകളായി അത് അടച്ചുതീർക്കുകയാണെന്നും റോബിൻ തന്നോട് പറഞ്ഞിരുന്നതായി സായ് കൃഷ്ണ അവകാശപ്പെട്ടു.
റോബിന് പ്രമോഷനുകളും പരിപാടികളും കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നും ഇതിനിടെ അമ്മയുടെ ചികിത്സയും മറ്റ് ചെലവുകളും വന്നതോടെ സാമ്പത്തിക ബാധ്യത വർധിച്ചെന്നും സായ് കൃഷ്ണ പറഞ്ഞു.
അഭിൽ ദേവിന് റോബിൻ പണം നൽകാനുണ്ടെന്നത് ശരിയാണെന്നും പറഞ്ഞ സമയത്ത് പണം തിരിച്ചുനൽകിയില്ലെന്നും സായ് കൃഷ്ണ ആരോപിച്ചു. ലക്ഷക്കണക്കിന് രൂപയാണ് നൽകാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
റോബിനെ വിവിധ സാഹചര്യങ്ങളിൽ സഹായിച്ച അഭിൽ ദേവിനെ വാർത്താസമ്മേളനത്തിൽ പീഡനക്കേസിലെ പ്രതിയെന്ന് വിളിക്കുന്നത് ശരിയല്ലെന്നും സായ് കൃഷ്ണ വിമർശിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പിന്നിൽ പണമിടപാടാണെന്നും കടം നൽകിയ പണം തിരിച്ചുകിട്ടാതെ വന്നാൽ ആരായാലും പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



