കെ.എം. ബഷീർ വധക്കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനം. അഡ്വ. സന്തോഷിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കേസിൽ നിലവിൽ വിചാരണ പുരോഗമിക്കുകയാണ്.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹർജി. പ്രതിഭാഗം അഭിഭാഷകന്റെ താൽപര്യപ്രകാരമാണ് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റിയതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
വിചാരണ നീതിപൂർവം നടക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും നേരത്തെ കേസ് പരിഗണിച്ച സെഷൻസ് കോടതി ഒന്നിലേക്ക് കേസ് മാറ്റണമെന്നും ബഷീറിന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. നിലവിലെ പ്രോസിക്യൂട്ടർക്ക് ആവശ്യമായ പരിചയസമ്പത്തില്ലെന്നും അതിനാൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ടത്.



