‘കേരളം ബിൽ’ ലോക്സഭയിൽ ചർച്ചയില്ലാതെ പാസാക്കി; ഇനി രാജ്യസഭയിലേക്ക്

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ‘കേരളം ബിൽ’ ലോക്സഭ ചർച്ചയില്ലാതെ പാസാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.
സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ പരിഗണനയ്ക്കെടുക്കണമെന്ന അപേക്ഷ സ്പീക്കറെ അറിയിച്ചത്. ബിൽ ഇന്ന് ചർച്ചയ്ക്ക് എടുക്കരുതെന്ന് യുഡിഎഫ് എംപിമാർ ആവശ്യപ്പെട്ടിരുന്നു. ലോക്സഭയിൽ പ്രതിഷേധം തുടരുന്നതിനാൽ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് ബില്ലിന്മേൽ സംസാരിക്കാൻ അവസരം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.
എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബിൽ പരിഗണിച്ച് പാസാക്കുകയായിരുന്നു. ബിൽ പാസാക്കുന്നതിനിടെ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിനെതിരെ നിത്യാനന്ദ റായി രൂക്ഷ വിമർശനം ഉന്നയിച്ചു.
കേരളത്തിൽ നിന്നുള്ള എംപിമാരുടെ ആവശ്യപ്രകാരമാണ് സംസ്ഥാനത്തിന്റെ പേര് മാറ്റാൻ നടപടിയെടുത്തതെന്നും എന്നാൽ പ്രതിപക്ഷ എംപിമാരുടെ നിലപാട് ശരിയല്ലെന്നും നിത്യാനന്ദ റായി പറഞ്ഞു.
ഡൽഹി പൊലീസിന്റെ സിജെപി പ്രതിഷേധത്തിനെതിരായ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് ബിൽ പരിഗണിച്ചത്.
അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ലോക്സഭ പാസാക്കിയ ബിൽ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് അയക്കും.



