കെ.എം. ബഷീർ വധക്കേസ്; ‘രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റി’, കോടതിയിൽ മൊഴി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ അപകടമരണ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ അപകടസമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റിയതായി സാക്ഷിമൊഴി. ശ്രീറാമിന്റെ സുഹൃത്തും ഡോക്ടറുമായ ഡോ. അനീഷ് രാജാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്.
അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി വെച്ചശേഷം പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് കിംസ് ആശുപത്രിയിൽ എത്തിച്ചതെന്ന് പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് മൊഴി നൽകി.
ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന രക്തം പുരണ്ട ടി-ഷർട്ടും ജീൻസും പിന്നീട് പൊലീസിന് എടുത്തുനൽകിയതായി ശ്രീറാമിന്റെ മറ്റൊരു സുഹൃത്തായ പതിനൊന്നാം സാക്ഷി അമരീന്ദ്ര സിംഗും കോടതിയിൽ പറഞ്ഞു.
2019 ഓഗസ്റ്റ് 3ന് പുലർച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. വാഹനം തിരുവനന്തപുരം സ്വദേശിനിയായ വഫ ഫിറോസിന്റെ പേരിലായിരുന്നു.
കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് കോടതിയിൽ ഹാജരായി.



