നീണ്ടകരയിലെ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി; തെരച്ചിൽ തുടരുമെന്ന് ഉറപ്പ്

കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുടുംബത്തെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും ഒരു കുടുംബത്തിനും ഉണ്ടാകാൻ പാടില്ലാത്ത ദുരന്തമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൗതം കൃഷ്ണയെ കണ്ടെത്താനുള്ള തെരച്ചിൽ കാര്യക്ഷമമല്ലെന്ന ആരോപണത്തിൽ വസ്തുതയില്ലെന്നും സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി ഷിബു ബേബി ജോണും ജില്ലാ കളക്ടർ ആനി ജൂല തോമസും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ആദ്യ ദിവസം മുതൽ എല്ലാ രീതിയിലുമുള്ള തെരച്ചിൽ നടത്തിയിരുന്നുവെന്നും കാലാവസ്ഥ പ്രതികൂലമാകുമ്പോൾ മാത്രമാണ് തെരച്ചിൽ താൽക്കാലികമായി നിർത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തകരും അപകടത്തിൽപ്പെടാനുള്ള സാഹചര്യം ഉണ്ടായപ്പോഴാണ് തെരച്ചിൽ നിർത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ദുരന്തങ്ങൾ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ ഉടൻ നടപ്പാക്കും. മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയുള്ള പദ്ധതിയായിരിക്കും നടപ്പാക്കുകയെന്നും സുരക്ഷയ്ക്കായി അടിയന്തരമായി താൽക്കാലിക സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ കുടുംബത്തെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. ജോണിനെ കാണാതായിട്ട് 11 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറും കോവളം എംഎൽഎ എം. വിൻസെന്റും ചെന്നിത്തലയോടൊപ്പം വിഴിഞ്ഞത്തെത്തിയിരുന്നു.

ജോണിന്റെ കുടുംബം നേരിടുന്നത് വളരെ വേദനാജനകമായ സാഹചര്യമാണെന്നും തെരച്ചിൽ ശക്തമായി തുടരുമെന്നും രമേശ് ചെന്നിത്തല ഉറപ്പുനൽകി. സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button