അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയും അറസ്റ്റിൽ; ക്രൗഡ് ഫണ്ടിംഗ് നടത്തിയെന്ന് പൊലീസ്

കോഴിക്കോട്: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കി (24) അറസ്റ്റിൽ. സോഷ്യൽ മീഡിയ വഴി അർജുന്റെ അക്കൗണ്ടിലേക്ക് ക്രൗഡ് ഫണ്ടിംഗ് നടത്തിയെന്ന കേസിലാണ് അജയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അർജുനുവേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിംഗിനായി സോഷ്യൽ മീഡിയയിൽ ക്യുആർ കോഡ് തയ്യാറാക്കി നൽകിയത് അജയ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഞായറാഴ്ച പുലർച്ചെ 12.30ഓടെ ഈസ്റ്റ് നടക്കാവിലെ ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിന് മുന്നിൽ നിന്നാണ് അജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, കണ്ണൂരിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അർജുൻ ആയങ്കിയെ പൊലീസ് സംഘം പിടികൂടിയത്. നിയമസഹായം തേടുന്നതിനായി സുഹൃത്തുക്കളായ അഭിഭാഷക ദമ്പതികളെ കാണാനാണ് അർജുൻ കണ്ണൂരിലെത്തിയത്.

ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് പൊലീസ് എത്തുമെന്ന് മനസ്സിലാക്കിയതോടെ അർജുൻ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ച് കാറുമായി എത്താൻ ആവശ്യപ്പെട്ടു. ഈ കാറിലാണ് അർജുൻ കണ്ണൂരിലെ അഭിഭാഷക സുഹൃത്തിനെ കാണാനെത്തിയത്.

അർജന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ വിവരം കണ്ണൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് അർജുനെ വളഞ്ഞത്.

ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഭിഭാഷകയുടെ വീട്ടിൽ നിന്ന് അർജുനെ അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് അർജുൻ മാത്രമാണ് അപ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്നത്. പൊലീസിനെ കണ്ടതോടെ ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button