യുഡിഎഫിൽ പദവികൾക്കായി കസേരകളി; ബോർഡ്-കോർപ്പറേഷൻ വിഭജനം വഴിമുട്ടി, കോൺഗ്രസിൽ തർക്കം രൂക്ഷം

തിരുവനന്തപുരം: സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ യുഡിഎഫ് യോഗത്തിൽ ബോർഡ്-കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ച നടത്താനാകാതെ മുന്നണി. ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി അന്തിമ തീരുമാനത്തിലെത്താൻ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. എന്നാൽ കോൺഗ്രസിനുള്ളിൽ വിവിധ പദവികൾക്കായുള്ള അവകാശവാദങ്ങൾ ശക്തമായതോടെ മുന്നണിയിലെ മറ്റ് ചർച്ചകളും വഴിമുട്ടിയിരിക്കുകയാണ്.
കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾക്കൊപ്പം ബോർഡ്-കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള പരിഗണനകളും കോൺഗ്രസ് നേതൃത്വം ഒരേസമയം നടത്തുകയാണ്. നിർണായക പദവികൾക്കായി മുതിർന്ന നേതാക്കളും വനിതാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് കെപിസിസി മാധ്യമവിഭാഗത്തിലെ ദീപ്തി മേരി വർഗീസും സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തിയ ഐഷ പോറ്റിയും താൽപര്യം അറിയിച്ചതായാണ് വിവരം. കൊച്ചി കോർപ്പറേഷൻ അംഗമായ ദീപ്തി മേരി വർഗീസിന് പാർട്ടിയിൽ കൂടുതൽ പ്രാധാന്യമുള്ള പദവിയാണ് താൽപര്യമെങ്കിലും, അത് ലഭിച്ചില്ലെങ്കിൽ വനിതാ കമ്മീഷൻ അധ്യക്ഷ പോലുള്ള പ്രധാന സ്ഥാനമാണ് പരിഗണനയിൽ വേണമെന്ന നിലപാടിലാണ്.
കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലിനെതിരെ ശക്തമായ മത്സരം നടത്തിയ ഐഷ പോറ്റിക്ക് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ താൽപര്യമെന്നാണ് വിവരം.
അതേസമയം, തെരഞ്ഞെടുപ്പ് മത്സരങ്ങളിൽ നിന്ന് മാറിനിന്ന കെ. ബാബുവിനെ ജിസിഡിഎ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്കും സിനിമാ മേഖലയിൽ നിന്നുള്ളവരുടെ സമ്മർദം ശക്തമാണ്. ഐഎഫ്എഫ്കെയുടെ ഒരുക്കങ്ങൾ ആരംഭിക്കേണ്ട സമയം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കെപിസിസി അധ്യക്ഷനും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും മന്ത്രിമാരായതോടെ സംസ്ഥാന കോൺഗ്രസ് സംഘടനാ പ്രവർത്തനം മരവിച്ച അവസ്ഥയിലാണെന്ന വിമർശനവും ഉയരുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിലിന്റെ പേര് കെ.സി. വിഭാഗം മുന്നോട്ടുവയ്ക്കുമ്പോൾ, ജോസഫ് വാഴയ്ക്കനായി രമേശ് ചെന്നിത്തല വിഭാഗവും നീക്കം ശക്തമാക്കിയിട്ടുണ്ട്. ബെന്നി ബെഹനാൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരും അധ്യക്ഷ സ്ഥാനത്തിനായി സജീവമായി രംഗത്തുണ്ട്.
കോൺഗ്രസിനുള്ളിലെ നേതൃത്വ തർക്കം രൂക്ഷമായതോടെ ബോർഡ്-കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങൾ ഉൾപ്പെടെയുള്ള മുന്നണിയിലെ മറ്റ് ചർച്ചകൾക്കും അന്തിമ തീരുമാനമെടുക്കാനാകാത്ത സാഹചര്യമാണുള്ളത്.
അതേസമയം, യുഡിഎഫിലെ ഘടകകക്ഷികളും പ്രധാന പദവികൾക്കായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പി.ജെ. ജോസഫിനെയും എം.കെ. മുനീറിനെയും അതത് പാർട്ടികൾ പരിഗണിക്കുന്നുണ്ട്. എം.കെ. മുനീറിനെ വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കുന്നതായാണ് വിവരം.
കാബിനറ്റ് റാങ്കോടെയുള്ള പദവി കെ.പി.എ. മജീദിന് ലഭിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. രണ്ടര വർഷത്തിന് ശേഷം മന്ത്രിയാക്കാമെന്ന ധാരണയുള്ള കേരള കോൺഗ്രസ് നേതാവ് മാണി സി. കാപ്പൻ നോർക്ക വൈസ് ചെയർമാൻ സ്ഥാനം പ്രതീക്ഷിക്കുന്നതായും സൂചനയുണ്ട്.
ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പദവിക്കായി ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും രംഗത്തുണ്ട്.
ഇതോടെ അധികാരത്തിലെത്തിയതിന് പിന്നാലെ യുഡിഎഫിനുള്ളിൽ പദവിവിഭജനം സംബന്ധിച്ച ചർച്ചകൾ കൂടുതൽ സങ്കീർണമാകുകയാണ്. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ബോർഡ്-കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുക.



