മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ? വിവാദമായതോടെ മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാനായി പ്രത്യേക ക്യാമറ സ്ഥാപിച്ചതിനെ ചൊല്ലി വിവാദം. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ ചിത്രീകരിക്കാനെന്ന തരത്തിൽ മുഖ്യമന്ത്രിയുടെ കസേരയുടെ വലതുവശത്ത് ക്യാമറ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
വാർത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകർ ക്യാമറ ശ്രദ്ധയിൽപ്പെടുത്തുകയും ചിലർ ചോദ്യം ചെയ്യുകയും ചെയ്തതോടെ പി.ആർ.ഡി. ജീവനക്കാർ ക്യാമറ മാറ്റി. പിന്നീട് ലഭിച്ച നിർദേശപ്രകാരമാണ് ക്യാമറ മാറ്റിയതെന്നാണ് ജീവനക്കാർ പ്രതികരിച്ചത്. അതിനുശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്.
അതേസമയം, സിപിഎം സംസ്ഥാന സമിതി ഓഫീസിലും സമാന രീതിയിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഒരു വിഭാഗം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി.
വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട ധനസഹായങ്ങളും പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ, വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ, സംസ്കാരച്ചെലവിനായി 10,000 രൂപ വീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ 26 പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



