നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിന്റെ കൊലക്കേസ്; കുറ്റപത്രം ഉടൻ നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് വേഗത്തിൽ കുറ്റപത്രം നൽകാൻ നിർദേശം നൽകിയത്.
ഫോറൻസിക് പരിശോധനാ ഫലം വൈകുന്നതാണ് കുറ്റപത്രം സമർപ്പിക്കുന്നതിൽ കാലതാമസമുണ്ടാകാൻ കാരണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കേസിൽ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം ഹൈക്കോടതി തള്ളി.
കഴിഞ്ഞ മേയ് 21-നാണ് രണ്ടാനച്ഛൻ അഷ്കറിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് ഒന്നര വയസുകാരൻ അർഷിദ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.
പരിക്കുകളുടെ വിവരം അറിഞ്ഞിട്ടും സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നതിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് വീഴ്ച സംഭവിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.



