‘സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരായ ചെറുത്തുനിൽപ്പ് യുഡിഎഫ് അവസാനിപ്പിച്ചു’; സർക്കാരിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: കേരള സർവകലാശാലകളിൽ കാവിവൽക്കരണത്തിനുള്ള ശ്രമങ്ങൾ എൽഡിഎഫ് സർക്കാർ തടഞ്ഞിരുന്നുവെന്നും നിലവിലെ യുഡിഎഫ് സർക്കാർ അതിനെതിരെ മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.
വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എൽഡിഎഫ് സർക്കാർ നിരവധി തവണ കോടതിയെ സമീപിച്ചിരുന്നുവെന്നും, എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരായ ചെറുത്തുനിൽപ്പ് അവസാനിച്ചുവെന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാർ “നട്ടെല്ല് വളച്ച് മൗനം പാലിക്കുകയാണ്” എന്നും, സർവകലാശാല വിഷയങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് നേരിയ എതിർപ്പ് പോലും കാണുന്നില്ലെന്നും പിണറായി വിമർശിച്ചു. സംഘപരിവാറിന്റെ ‘ബി ടീമായി’ യുഡിഎഫ് സർക്കാർ മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം യുഡിഎഫ് എടുത്തതായും, പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും പിണറായി പറഞ്ഞു. കേരളത്തിൽ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും സംസ്ഥാനത്തിന് ഇതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ് യുഡിഎഫ് സർക്കാർ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതെന്നും, അധികാരത്തിൽ വരുന്നതിന് മുമ്പ് പറഞ്ഞ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടുപോയെന്നും പിണറായി ആരോപിച്ചു.
കേന്ദ്ര സർക്കാരിനെയും വിമർശിച്ച അദ്ദേഹം, എൻടിഎ വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിക്കുകയാണെന്നും ആരോപിച്ചു.



