വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; വിദ്യാഭ്യാസ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷ

ചെന്നൈ: തമിഴ്നാട്ടിലെ ടിവികെ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് അവതരിപ്പിക്കും. വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചുള്ള നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
സർക്കാർ സ്കൂളുകളിൽ പഠിച്ച് സർക്കാർ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് 8,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയും, രണ്ട് ഏക്കറിൽ താഴെ കൃഷിഭൂമിയുള്ള ചെറുകിട കർഷകരുടെ മക്കൾക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസവും പരിഗണനയിലുണ്ടെന്നാണ് വിവരം. ഇന്ന് പൊതുബജറ്റും നാളെ കാർഷിക ബജറ്റും അവതരിപ്പിക്കും.
വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ വീണ്ടും ഉന്നയിച്ചേക്കും. ദേശീയ വിദ്യാഭ്യാസ നയം (NEP), നീറ്റ് പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടുകളും ബജറ്റിൽ വ്യക്തമാകുമെന്നാണ് സൂചന.
വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ‘വെട്രി തമിഴ്നാട്’ എന്ന അഞ്ച് വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ പരിഗണിക്കുന്നത്. ഉന്നത വിദ്യാഭ്യാസം കൂടുതൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയും വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബിരുദം മുതൽ ഗവേഷണതലം വരെയുള്ള പഠനങ്ങൾക്ക് 20 ലക്ഷം രൂപവരെ പലിശരഹിത വിദ്യാഭ്യാസ വായ്പ അനുവദിക്കുന്ന പദ്ധതിയും ബജറ്റിൽ ഉൾപ്പെട്ടേക്കും. കൂടാതെ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിലെ 7.5 ശതമാനം സംവരണം 10 ശതമാനമാക്കി ഉയർത്താനും സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.
സർക്കാർ പ്രൊഫഷണൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിൽ അഞ്ച് പുതിയ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ ആരംഭിക്കാനും, 30 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്ക് സ്വയംഭരണ പദവി നൽകാനും പദ്ധതിയുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്നോളജി, കാലാവസ്ഥാ സാങ്കേതികവിദ്യ, സൈബർ സുരക്ഷ തുടങ്ങിയ അത്യാധുനിക മേഖലകളിൽ പഠനത്തിനും ഗവേഷണത്തിനുമായി ‘പെരിയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജിംഗ് ടെക്നോളജി’ എന്ന പ്രത്യേക സർവകലാശാല സ്ഥാപിക്കാനുള്ള നിർദേശവും പരിഗണനയിലുണ്ട്.



