‘അമ്മ’യുടെ തലപ്പത്തേക്ക് ഇനി ഇല്ല; സംഘടനയിലെ പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടെ: മോഹൻലാൽ

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനി ഇല്ലെന്ന് നടൻ Mohanlal വ്യക്തമാക്കി. താൻ തന്റെ അമ്മയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും സംഘടനയിലെ പ്രശ്നങ്ങൾ നിലവിലെ ഭാരവാഹികൾ തന്നെ പരിഹരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതിൽ താൻ ഇടപെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഭാര്യ സുചിത്രയും മകളും നടിയുമായ Vismaya Mohanlalയും അഭിമുഖത്തിൽ പങ്കെടുത്തു. തന്റെ ആദ്യ സിനിമയിലെ അനുഭവങ്ങൾ വിസ്മയ പങ്കുവച്ചപ്പോൾ, അഭിനയം പരിശീലിച്ചും ചെയ്തുശീലിച്ചും വളരേണ്ട കലയാണെന്ന് മോഹൻലാൽ മകൾക്ക് ഉപദേശിച്ചു.
അതേസമയം, നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് നൽകിയ പിന്തുണയിൽ മാറ്റമില്ലെന്ന് വിസ്മയ കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെയാണ് പ്രതികരിച്ചതെന്നും അതിനെ തെറ്റിദ്ധരിച്ചവരെ തിരുത്താനാകില്ലെന്നും അവർ പറഞ്ഞു.
“എനിക്ക് എന്നെ മാത്രമേ നിയന്ത്രിക്കാനാകൂ. എന്റെ വാക്കുകളെ മാത്രമേ നിയന്ത്രിക്കാനാകൂ. മറ്റാരെയും നിയന്ത്രിക്കാനാകില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രതികരണങ്ങൾ അലോസരപ്പെടുത്താറില്ല. എന്റെ ഊർജം നഷ്ടപ്പെടുത്താൻ താൽപര്യമില്ല.” വിസ്മയ
തന്റെ ആദ്യചിത്രമായ ‘തുടക്കം’ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു വിസ്മയയുടെ പ്രതികരണം. മാതാപിതാക്കളായ മോഹൻലാലും സുചിത്രയും മകളുടെ നിലപാടിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സൈബർ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിച്ച മോഹൻലാൽ, സ്വന്തമായി മുഖമില്ലാത്തവരാണ് സാമൂഹികമാധ്യമങ്ങളിൽ ആക്രമണം നടത്തുന്നതെന്ന് പറഞ്ഞു. സോഷ്യൽ മീഡിയയെ പേടിച്ച് ജീവിക്കേണ്ട കാലമാണിതെന്നും അത്തരം ആക്രമണങ്ങളെ താൻ ഗൗനിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“കൂടുതൽ ആക്രമണം നേരിട്ടത് ഞാനാണ്. വിസ്മയ ഒരു വ്യക്തിയാണ്. സംസാരിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്തുപറഞ്ഞാലും കുഴപ്പമായി മാറുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പോപ്പുലാരിറ്റി കൂടുമ്പോഴാണ് ഇത്തരം പ്രശ്നങ്ങളും കൂടുന്നത്,” എന്നാണ് മോഹൻലാലിന്റെ പ്രതികരണം.
ആക്രമിക്കുന്നവർ സന്തോഷിക്കട്ടെയെന്നായിരുന്നു സുചിത്ര മോഹൻലാലിന്റെ പ്രതികരണം.



