എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് പൊലീസിൽ; വനിതാ ഡിവൈഎസ്പിക്കെതിരെ പണം തട്ടൽ ആരോപണം, ഇരട്ട അന്വേഷണം

ഭോപ്പാൽ: ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ മധ്യപ്രദേശിലെ കട്നി ഡിവൈഎസ്പി നേഹ പച്ചിസിയക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുപുറമെ, ഒരു കൊലക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.

ട്രാൻസ്പോർട്ട് കമ്പനി ഉടമ മഹേന്ദ്ര ജയിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 21-ന് രാത്രി വാഹനപരിശോധനയ്ക്കിടെ നേഹ പച്ചിസിയ ഒരു ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് 30,000 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി.

ആദ്യഘട്ടത്തിൽ 25,000 രൂപ സ്ഥലത്തുവെച്ച് കൈപ്പറ്റിയെന്നും ബാക്കി 5,000 രൂപ അടുത്ത ദിവസം നൽകാൻ നിർദേശിച്ചെന്നും പരാതിയിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുക വാങ്ങിയതെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

പണം കൈമാറിയതിന്റെ തെളിവുകൾ സഹിതമാണ് ലോറി ഉടമ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും, പണം കൈപ്പറ്റിയെന്നാരോപിക്കപ്പെടുന്ന നേഹയുടെ ഡ്രൈവറും കോൺസ്റ്റബിളുമായ കേശവ് സിങ്ങിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി നേഹയുടെ അധികാരപരിധിയിലുണ്ടായിരുന്ന മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ ചുമതലയും പിൻവലിച്ചു.

അതേസമയം, ഒരു കൊലക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിലും നേഹയ്ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയായത് അന്വേഷണത്തിലെ വീഴ്ചയാണെന്നാണ് ആരോപണം.

എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് പൊലീസ് സർവീസിൽ ചേർന്ന നേഹ പച്ചിസിയ നേരത്തെ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥയായിരുന്നു. അവരുടെ കരിയർ മാറ്റം ദേശീയ മാധ്യമങ്ങളിലും വാർത്തയായിരുന്നു. നിലവിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button