രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് ആവശ്യം; ഹൈക്കോടതിയെ സമീപിച്ച് ശബരീനാഥൻ

തിരുവനന്തപുരം: നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെയും കഴക്കൂട്ടം എംഎൽഎ വി. മുരളീധരന്റെയും തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയിൽ പ്രത്യേക ഹർജികൾ സമർപ്പിച്ചു.
നേമം മണ്ഡലത്തിൽ വിജയിച്ച രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥിയായ കെ.എസ്. ശബരീനാഥനാണ് ഹൈക്കോടതിയെ സമീപിച്ചത്. ബംഗളൂരുവിലുള്ള ഏകദേശം 200 കോടി രൂപയുടെ സ്വത്ത് ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളിലെ സ്വത്ത് വിവരങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മനഃപൂർവം മറച്ചുവച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
സ്വത്ത് വിവരങ്ങൾ പരിശോധിക്കാതെയാണ് വരണാധികാരി നാമനിർദേശ പത്രിക സ്വീകരിച്ചതെന്നും, ഇതുസംബന്ധിച്ച് പരാതി നൽകിയപ്പോൾ തിരഞ്ഞെടുപ്പ് ഹർജി സമർപ്പിക്കാനാണ് നിർദേശിച്ചതെന്നും ശബരീനാഥൻ വ്യക്തമാക്കി. സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാൽ രാജീവ് ചന്ദ്രശേഖറെ അയോഗ്യനാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, കഴക്കൂട്ടം മണ്ഡലത്തിൽ വിജയിച്ച വി. മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചു. ജനപ്രതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ വി. മുരളീധരൻ ലംഘിച്ചെന്നാണ് ഹർജിയിലെ ആരോപണം.
രണ്ടു തിരഞ്ഞെടുപ്പ് ഹർജികളും ഹൈക്കോടതിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. കേസുകളിൽ കോടതി സ്വീകരിക്കുന്ന തുടർനടപടികളിലേക്കാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ.



