ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; മൂന്ന് ഡിവൈ.എസ്.പിമാർക്കെതിരെ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ മൂന്ന് ഡിവൈ.എസ്.പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഡിവൈ.എസ്.പിമാരായ അരുൺ കെ.എസ്, കെ.പി. തോംസൺ, സുനിൽ രാജ് എന്നിവർക്കെതിരെയാണ് നടപടി.
രക്ഷാപ്രവർത്തന കേസ് അന്വേഷിച്ച മൂന്ന് ഡിവൈ.എസ്.പിമാരുടെ മൊഴിയിലൂടെയാണ് കേസന്വേഷണത്തിൽ നടന്ന അട്ടിമറി പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തത്.
എ.ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് കേസുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്തിയതെന്നും, അതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. ഇതിനെ തുടർന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ ഉത്തരവിറക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കുള്ളിൽ നിയമിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക.



