നിതിൻ രാജ് മരണക്കേസ്: കുറ്റം നിഷേധിച്ച് ഡോ. എം.കെ. റാം; ‘ജാതീയ അധിക്ഷേപം നടത്തിയിട്ടില്ല’

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയും കോളേജിലെ പാത്തോളജി വിഭാഗം മുൻ മേധാവിയുമായ ഡോ. എം.കെ. റാം അന്വേഷണ സംഘത്തിന് മുന്നിൽ കുറ്റം നിഷേധിച്ചു. നിതിന്റെ മാനസിക വിഷമത്തിന് പിന്നിൽ താനല്ലെന്നും, മറ്റ് പല കാരണങ്ങളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം മൊഴി നൽകി.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി മോഹന ചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജീവൻ ജോർജിന്റെ നേതൃത്വത്തിലാണ് റാമിനെ ചോദ്യം ചെയ്യുന്നത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള പ്രതി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അന്വേഷണ സംഘം ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയതായി വിവരം.
വിദ്യാർത്ഥികൾക്ക് മാർക്ക് കുറഞ്ഞപ്പോൾ ഒരു രക്ഷിതാവിനെപ്പോലെ ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും, കേസിൽ ആരോപിക്കുന്നതുപോലെ യാതൊരു ജാതീയ അധിക്ഷേപവും നടത്തിയിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
മാർച്ച് 13-നാണ് നിതിൻ രാജിനെ അവസാനമായി കണ്ടതെന്നും, നിതിൻ മരിച്ച ഏപ്രിൽ 10-ന് പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരുമായി നടന്ന കൂടിക്കാഴ്ചയിൽ താൻ ഉണ്ടായിരുന്നില്ലെന്നും റാം മൊഴി നൽകി.
അതേസമയം, പ്രതിയുടെ പള്ളിക്കുന്നിലെ വീട്ടിലും ഭാര്യയോടൊപ്പം നടത്തുന്ന ക്ലിനിക്കിലും അന്വേഷണ സംഘം പരിശോധന നടത്തി. വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ വിശദ പരിശോധനയ്ക്കായി സൈബർ പോലീസിന് കൈമാറി. ക്ലിനിക്കിൽ നിന്ന് ഡയറിയുൾപ്പെടെ പ്രധാന രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



